2025 ജനുവരി ജ്യോതിശാസ്ത്രജ്ഞർക്കും സൗരയൂഥ ഗവേഷകർക്കും ഏറെ പ്രതീക്ഷയും അത്ഭുതവും പകരുന്ന ഒരു മാസമാണ്. അപൂർവമായ ഒരു ആകാശ വിസ്മയത്തിനാണ് ഈ മാസം സാക്ഷ്യം വഹിക്കുക. നാല് പ്രധാന ഗ്രഹങ്ങൾ ആകാശത്ത് വിന്യസിക്കപ്പെടുന്ന അപൂർവ്വ കാഴ്ച ഭൂമിയിൽ നിന്നും കാണാൻ കഴിയുന്ന ആ സുദിനത്തിനായി കാത്തിരിക്കുകയാണ് വാനനിരീക്ഷകർ.
ആകാശത്ത് ഒന്നിലധികം ഗ്രഹങ്ങൾ അണിനിരന്നിരിക്കുന്ന ഈ സവിശേഷതയെ ജ്യോതിശാസ്ത്രജ്ഞർ “പ്ലാനറ്റ് പരേഡ്” എന്നാണ് വിശേഷിപ്പിക്കുന്നത്. ചൊവ്വ, ശുക്രൻ, ശനി, വ്യാഴം എന്നിവ ഒരേസമയം വിന്യസിക്കപ്പെടുന്ന ഈ അസാധാരണ പ്രതിഭാസം ജനുവരി 17, 18 തീയതികളിൽ അതിൻ്റെ ഉച്ചസ്ഥായിയിലാവുന്നതിനാൽ ഈ ദിവസങ്ങളിൽ ഭൂമിയിൽ നിന്നും ഒരു അപൂർവ്വ കാഴ്ച നൽകുന്നതാണ്. നല്ല തെളിഞ്ഞ ആകാശമുള്ള ദിവസമാണെങ്കിൽ
സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ഈ ദൃശ്യത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നതാണ്.
ജനുവരി 17, 18 തീയതികളിൽ ശുക്രനും ശനിയും അസാധാരണമാം വിധം അടുത്ത് ദൃശ്യമാകും. മറുവശത്ത്, രണ്ട് വർഷത്തിനിടെ ചൊവ്വ ഏറ്റവും തിളക്കത്തിൽ ദൃശ്യമാകുന്ന ദിവസം കൂടിയാണിത്. ഈ ദിവസങ്ങളിൽ ചൊവ്വ സൂര്യാസ്തമയത്തിന് ശേഷം കിഴക്ക് ഉദിക്കുകയും രാത്രി മുഴുവൻ ദൃശ്യമാകുകയും സൂര്യോദയത്തോടെ പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. ഇതേ ദിവസങ്ങളിൽ ആയിത്തന്നെ വ്യാഴവും കൂടുതൽ ദൃശ്യചാരുതയോടെ വിന്യസിക്കപ്പെടും. ഇനി ഇതൊന്നും പോരാഞ്ഞ് ടെലിസ്കോപ്പ് കൂടി കയ്യിലുള്ളവരാണെങ്കിൽ രണ്ട് ഗ്രഹങ്ങളെ കൂടി അധികമായി കാണാൻ കഴിയുന്നതാണ്. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയാണ് ഈ സമയത്ത് ടെലിസ്കോപ്പിലൂടെ കാണാൻ കഴിയുക.
Discussion about this post