കാമുകിയുടെ മുന്നില്‍ ആളുകളിക്കാനായി ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയ മൃഗശാല സൂക്ഷിപ്പുകാരന് സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. റിപ്പോര്‍ട്ടുകളനുസരിച്ച് , ആക്രമണത്തിന് ഇരയായ വ്യക്തി ഉസ്ബെക്കിസ്ഥാനിലെ ഒരു സ്വകാര്യ മൃഗശാലയിലെ മൃഗശാലാ സൂക്ഷിപ്പുകാരനാണ്. തന്റെ കാമുകിയുടെ മുന്പില് ആളാകാനാണ് ഇയാള്‍ ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയത്
44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് സിംഹത്തിന്റെ കൂട്ടില്‍ കയറിയത്. മൂന്നു സിംഹങ്ങള്‍ ആയിരുന്നു ആ സമയം കൂട്ടില്‍ ഉണ്ടായിരുന്നത്. ആദ്യം അവ ഇയാളെ ആക്രമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി സംഭവിക്കുകയായിരുന്നു. ആക്രമിക്കുന്നതിനു മുന്‍പ് സിംഹങ്ങളില്‍ ഒന്നിനെ സിംബ എന്ന് ഇയാള്‍ വിളിക്കുന്നത് കേള്‍ക്കാം.
സിംഹങ്ങളാല്‍ ചുറ്റപ്പെട്ടിട്ടും, ഇയാള്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നത്. തുടര്‍ന്ന് മൃഗങ്ങളിലൊന്ന് ഇയാളെ ആക്രമിക്കുമ്പോള്‍ ഇയാള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
പിന്നീട് മൃഗശാല അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സിംഹങ്ങള്‍ ഇയാളെ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ഭയാനകമായ ആക്രമണത്തെ തുടര്‍ന്ന് മൃഗങ്ങളില്‍ ഒന്നിനെ രക്ഷാപ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണത്തെ മയക്കുവെടി വെക്കുകയും ചെയ്തു എന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
Discussion about this post