സന: ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു . ഒരു അത്ഭുതം ഉണ്ടാകുമെന്ന് കരുതുന്നു എന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. ഇന്ത്യക്കാരുടെയും ഇന്റർനാഷ്ണൽ കൗൺസിലിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ തന്റെ മകളെ രക്ഷിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. തന്റെ മകളെ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് താൻ . ഈ പുതുവർഷത്തിൽ നിമിഷ ഞങ്ങളിലേക്ക് മടങ്ങിവരുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു എന്ന് അമ്മ പറഞ്ഞു.
യെമനിലെ പ്രധാന ഉദ്യോഗസ്ഥരുമായും അതിനായി സഹായിച്ചേക്കാവുന്ന ഇടനിലക്കാരുമായും തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൗൺസിൽ അംഗം സാമുവൽ ജെറോം ഭാസ്‌കരൻ പറഞ്ഞു.”വരാനിരിക്കുന്ന രണ്ട് ദിവസങ്ങളിൽ ചില പ്രധാന മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിമിഷയുടെ മോചനത്തിനായി ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമൻ അറിയിച്ചു. വധശിക്ഷക്ക് അംഗീകാരം നൽകിയത് ഹൂതി സുപ്രീം കൗൺസിലാണെന്നും ഡൽഹിയിലെ യെമൻ എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. യെമൻ പ്രസിഡൻറ് വധശിക്ഷക്ക് അംഗീകാരം നൽകിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവും വിമത പ്രസിഡൻറുമായ മെഹ്ദി അൽ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമൻ വ്യക്തമാക്കി.
സഹപ്രവർത്തകയുമായി ചേർന്നു തലാൽ അബ്ദുമഹ്ദിയെന്ന യുവാവിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരൊയ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു. വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കുമെന്നാണ് വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്.
Discussion about this post