വാഷിംഗ്‌ടൺ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രമ്പ്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള തൻ്റെ വാഗ്ദാനം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . 53 കാരനായ ട്രൂഡോ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള സമ്മർദ്ദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചിരുന്നു.
“കാനഡയിലെ പലർക്കും അവർ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനം ആകുന്നത് ഇഷ്ടമാണ്. കാനഡയെ നിലനിർത്തി പോകാൻ വേണ്ടി കൊടുക്കേണ്ടി വരുന്ന വൻ വ്യാപാര കമ്മികളും സബ്‌സിഡികളും കൊണ്ടുള്ള സമ്മർദ്ദം അമേരിക്കയ്ക്ക് ഇനിയും സഹിക്കാൻ കഴിയില്ല. ജസ്റ്റിൻ ട്രൂഡോക്ക് ഇത് അറിയാമായിരുന്നു. അതുകൊണ്ടാണ് അയാൾ രാജിവച്ചത് ,” ട്രംപ് തന്റെ സാമൂഹ്യ മാദ്ധ്യമ സൈറ്റ് ആയ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
“കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല, നികുതികൾ കുറയും, കൂടാതെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ച്, എത്ര മഹത്തായ രാഷ്ട്രമായിരിക്കും നമ്മൾ !!!” തിങ്കളാഴ്ച ട്രൂഡോയുടെ രാജിക്ക് ശേഷം നിയുക്ത പ്രസിഡൻ്റ് പറഞ്ഞു.
ട്രംപിൻ്റെ നിർദേശത്തോട് കാനഡയുടെ ഭാഗത്ത് നിന്ന് ഇതുവരെ കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. യുഎസുമായുള്ള തെക്കൻ അതിർത്തിയിൽ നിന്നുള്ള അനധികൃത മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാൻ ടൊറൻ്റോയ്ക്ക് കഴിഞ്ഞില്ലെങ്കിൽ കനേഡിയൻ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ചില പോസ്റ്റുകളിൽ ട്രംപ് ട്രൂഡോയെ “ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവർണർ” എന്ന് പരിഹസിക്കുകയും ചെയ്തു.
Discussion about this post