മുംബൈ: കുറച്ച് നാളുകൾക്ക് മുമ്പാണ് ഇന്ത്യയിലെ തൊഴിലാളികൾ ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി എടുക്കണം എന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി ആവശ്യപ്പെട്ടത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉണ്ടായത്. എന്നാൽ ആ വിവാദം മുഴുവനായും കെട്ടടങ്ങും മുമ്പേ അതിനേക്കാൾ ഭീകരമായ നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നിർമ്മാണ കമ്പനിയായ ലാർസെൻ ആൻഡ് ട്യൂബ്രോയുടെ സി ഇ ഒ.
എഴുപത് മണിക്കൂറാണ് നാരായണമൂർത്തി പറഞ്ഞതെങ്കിൽ പറ്റുമെങ്കിൽ തൊണ്ണൂറ് മണിക്കൂറും ഞാൻ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിച്ചേനെ എന്നാണ് എൽ ആൻഡ് ടി ചെയർമാൻ എസ്എൻ സുബ്രഹ്മണ്യന്റെ പക്ഷം.വീട്ടിൽ വെറുതെ ഇരുന്നിട്ട് എന്ത് ചെയ്യാനാണ് എത്ര സമയം നിങ്ങൾ വെറുതെ ഭാര്യയെയും നോക്കിയിരിക്കും ആ സമയം കൂടെ പണിയെടുത്തൂടെ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത് .
ഒരു എംപ്ലോയീ മീറ്റിങിനിടെയാണ് പരാമര്ശമുണ്ടായത്. കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ലാർസൻ & ട്യൂബ്രോ എന്തുകൊണ്ടാണ് ഇപ്പോഴും ശനിയാഴ്ചകളിൽ ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്നതെന്ന് സദസ്സിൽ നിന്നും ചോദ്യം വരുകയായിരുന്നു.
ഞായറാഴ്ചകളിലും തന്റെ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് സുബ്രഹ്മണ്യൻ മറുപടി നൽകി. “വീട്ടിൽ ഇരുന്നുകൊണ്ട് എന്താണ് ചെയ്യുന്നത്? എത്രനേരം നിന്റെ ഭാര്യയെ നോക്കി നിൽക്കാൻ കഴിയും?” ലാർസൻ & ട്യൂബ്രോയുടെ ചെയർമാൻ ചോദിച്ചു. “വരൂ, ഓഫീസിൽ പോയി ജോലി തുടങ്ങൂ.”
“ഞായറാഴ്ചകളിൽ നിങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഞായറാഴ്ചകളിൽ നിങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ കഴിയുമെങ്കിൽ, ഞാൻ കൂടുതൽ സന്തോഷിക്കും, കാരണം ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു,” റെഡ്ഡിറ്റിൽ പുറത്തുവന്ന തീയതി രേഖപ്പെടുത്താത്ത ഒരു വീഡിയോയിൽ സുബ്രഹ്മണ്യൻ പറഞ്ഞു.
എന്തായാലും കനത്ത വിമർശനമാണ് വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.
Discussion about this post