ന്യൂഡല്‍ഹി: തെറ്റുകള്‍ തനിക്കും സംഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, മനുഷ്യനാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. ഈ ട്രെയിലറില്‍, നിഖില്‍ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത് കാണാം. അതിന് പ്രധാനമന്ത്രി ഉത്തരം നല്‍കുന്നുണ്ട്.
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. പോഡ്കാസ്റ്റിനിടെ കാമത്ത് തന്റെ പരിഭ്രമം തുറന്നു പറഞ്ഞു, ‘ നിങ്ങളുടെ മുന്നില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ എനിക്ക് പരിഭ്രാന്തി തോന്നുന്നു. ഇത് എനിക്ക് കഠിനമായ ഒരു സംവാദമാണ്’. ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ഇത് താങ്കളുടെ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന് അറിയില്ലെന്നും മറുപടി നല്‍കി.
ഒരു യുവാവ് നേതാവാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന് എന്തെങ്കിലും പ്രത്യേക കഴിവുണ്ടായിരിക്കണോ എന്ന് നിഖിലിന്റെ ചോദ്യത്തിന് മറുപടിയായി, നല്ല ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മോദി പറഞ്ഞു. ഇത്തരക്കാര്‍ ദൗത്യവുമായാണ് എത്തുന്നത്, അതിമോഹത്തോടെയല്ല.
പോഡ്കാസ്റ്റില്‍ നിഖില്‍ കാമത്ത് പ്രധാനമന്ത്രി മോദിയോട് ലോകത്ത് നടക്കുന്ന യുദ്ധത്തെക്കുറിച്ചും ചോദിച്ചു. ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടതുണ്ടോയെന്നായിരുന്നു ചോദ്യം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ നിഷ്പക്ഷരല്ലെന്ന് തുടര്‍ച്ചയായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.’പക്ഷേ സമാധാനത്തിന്റെ പക്ഷക്കാരനാണെന്ന് ഞാന്‍ നിരന്തരം പറയുന്നുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
Discussion about this post