ജനുവരി 13 ന് ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടി രാവിലെ 11:45 ഓടെയാണ് നടക്കുക.
ഉദ്ഘാടനത്തിന് പുറമേ, പ്രധാനമന്ത്രി ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും തുരങ്ക നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച തൊഴിലാളികളെ കാണുകയും ചെയ്യും.
ശനിയാഴ്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഈ പാതയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പോസ്റ്റ് ഇട്ടിരുന്നു. ഉദ്ഘാടനത്തിൽ ആവേശം പ്രകടിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി മോദിയും പ്രതികരിച്ചു. .
“തുരങ്ക ഉദ്ഘാടനത്തിനായി ജമ്മു കശ്മീർ സോനാമാർഗിലേക്കുള്ള എന്റെ സന്ദർശനത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടൂറിസത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കുമുള്ള നേട്ടങ്ങൾ താങ്കൾ ചൂണ്ടിക്കാണിച്ചത് ശരിയാണ് . കൂടാതെ, ആകാശ ചിത്രങ്ങളും വീഡിയോകളും എനിക്ക് ഇഷ്ടപ്പെട്ടു!” പ്രധാനമന്ത്രി പ്രതികരിച്ചു.
ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയായ സോനാമാർഗ് തുരങ്കം 2,700 കോടി രൂപയിലധികം ചെലവിൽ നിർമ്മിച്ചതാണ്. പ്രധാന സോനാമാർഗ് തുരങ്കം, ഒരു എഗ്രസ് തുരങ്കം, അപ്രോച്ച് റോഡുകൾ എന്നിവ ഉൾപ്പെടുന്ന തുരങ്കം സമുദ്രനിരപ്പിൽ നിന്ന് 8,650 അടിയിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ശ്രീനഗറിനും സോനാമാർഗിനും ഇടയിൽ, ഏത് കാലാവസ്ഥയിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും, മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള വഴികൾ ഒഴിവാക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തന്ത്രപരമായി പ്രധാനപ്പെട്ട ലഡാക്ക് മേഖലയിലേക്കുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഇത് ഉറപ്പാക്കും.
ഈ പദ്ധതി ഈ മേഖലയിലെ വിനോദസഞ്ചാരത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും, സോനാമാർഗിനെ വർഷം മുഴുവനും എത്തിച്ചേരാൻ പറ്റുന്ന ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. ശൈത്യകാല വിനോദസഞ്ചാരം, സാഹസിക കായിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ എന്നിവ ഈ പാത നിലവിൽ വരുന്നതോടെ വർദ്ധിക്കുമെന്നും , പ്രദേശത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2028 ൽ പൂർത്തിയാകാൻ പോകുന്ന സോജില തുരങ്കവുമായി ഇത് സംയോജിപ്പിക്കുമ്പോൾ, ശ്രീനഗറിനും ലേയ്ക്കും ഇടയിലുള്ള യാത്രാ ദൂരം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും . കൂടാതെ, വാഹന വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർദ്ധിക്കും, ഇത് ശ്രീനഗർ താഴ്‌വരയ്ക്കും ലഡാക്കിനും ഇടയിലുള്ള ദേശീയപാത 1 (എൻഎച്ച്-1) ലൂടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും.
അതായത് ജമ്മു കശ്മീരിന്റെ തലവര തന്നെ മാറ്റാൻ ശേഷിയുള്ള വികസനമാണ് കാശ്മീരിൽ സോനാമാർഗ്ഗ് യാഥാർഥ്യമാകുന്നതിലൂടെ നടപ്പിലാക്കാൻ പോകുന്നത്.
Discussion about this post