എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് പരാതി നൽകിയത്. തനിക്കെതിരെ രാഹുൽ ഈശ്വർ സൈബർ ഇടങ്ങളിൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ ഭാഗമായി നടി സമര്‍പ്പിച്ചിട്ടുണ്ട്.
രാഹുൽ ഈശ്വറിന്റെ അധിക്ഷേപങ്ങളെ ചൂണ്ടിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളിൽ ഹണി റോസ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് പരാതിയിൽ ആരോപിക്കുന്നു.
സൈബര്‍ ഇടത്തിലൂടെ തനിക്കെതിരെ സംഘടിതമായ ആക്രമണം ആണ് രാഹുൽ ഈശ്വര്‍ ആസൂത്രണം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുവെന്നും തന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധം, ഭീഷണി, അശ്ലീല സന്ദേശങ്ങൾ, ദ്വയാർത്ഥ പ്രയോഗം ഇതിനൊക്കെ കാരണം രാഹുൽ ഈശ്വറാണെന്നും ഹണി ആരോപിക്കുന്നു.
Discussion about this post