മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആക്രമിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനായി പത്തംഗ സംഘത്തെ നിയോഗിച്ചതായി ഡിസിപി ദീക്ഷിത് ഗെദാം അറിയിച്ചു. നടന്റെ വീട്ടിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
കെട്ടിടങ്ങളുടെ ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ വീടിനുള്ളിലേക്ക് കയറിപ്പറ്റിയത്. നടന്റെ വീട്ടിലെ ഒരാളുമായി അക്രമിക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. അകത്ത് നിന്നും വാതിൽ തുറന്ന് കൊടുത്തിട്ടാണ് പ്രതി വീടിനുള്ളിൽ കടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രശ്‌നം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് ഇയാൾ വിടിനുള്ളിൽ കയറിയത്. രണ്ട് മണിക്കൂറിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.
കള്ളൻ മക്കളുടെ മുറിയിൽ കടന്നുവെന്ന് സഹായികളിലൊരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. ഇതോടെ, നടൻ പ്രതിയെ ചെറുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. ആക്രമണത്തിൽ വീട്ടുജോലിക്കാരിയുടെ കയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ, പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
സെയ്ഫ് അലി ഖാന് ആറ് കുത്തുകളേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പരിക്കുകൾ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Discussion about this post