ന്യൂഡൽഹി: ഒരു വർഷത്തിലേറെ നീണ്ട സംഘർഷത്തിനുശേഷം ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ പലസ്തീൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് അബേദ് എൽറാസെഗ് അബു ജാസർ. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്നതിൽ ഇന്ത്യയ്ക്ക് “പ്രധാന പങ്ക്” വഹിക്കാൻ കഴിയുമെന്നും ഇന്ത്യയുടെ പതാക ഗാസയിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മേഖലയിലെ ഇന്ത്യയുടെ ഇടപെടലിനെ പലസ്തീൻ പ്രതിനിധി അഭിനന്ദിച്ചു, ആവശ്യമുള്ളവർക്ക് നിർണായക സഹായം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി “ഗാസയിൽ ഇന്ത്യൻ പതാക” കാണാൻ പലസ്തീനികൾ അതീവ താല്പര്യം കാണിക്കുന്നുവെന്ന് പ്രസ്താവിച്ചു.
“ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങൾക്ക് താൽപ്പര്യമുണ്ട്, ഞങ്ങൾക്ക് ആകാംഷയുണ്ട് … ഗാസയിൽ ഇന്ത്യൻ പതാക കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പലസ്തീനും തമ്മിലുള്ള ദീർഘകാലവും ചരിത്രപരവുമായ ബന്ധത്തെ അബു ജാസർ എടുത്തുകാണിച്ചു, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഇരു രാജ്യങ്ങളും നല്ല ബന്ധം പങ്കിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post