ന്യൂഡൽഹി : ഇന്ത്യയുടെ ഗ്രാമീണ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. രാജ്യത്തെ 50,000 ഗ്രാമങ്ങളിലായി 65 ലക്ഷം പേർക്കാണ് സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ നൽകുന്നത്. ഗ്രാമങ്ങളിലെ ജനവാസ മേഖലകളിൽ വീടുകളുള്ള കുടുംബങ്ങൾക്ക് ‘അവകാശ രേഖ’ നൽകുന്നതാണ് ഈ പദ്ധതി.
ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റവും പുതിയ ഡ്രോൺ സാങ്കേതികവിദ്യയിലൂടെ സർവേയിംഗ് നടത്തിയാണ് ഓരോ കുടുംബങ്ങളുടെയും അവകാശങ്ങൾ ഉറപ്പിച്ചിരിക്കുന്നത്. പ്രോപ്പർട്ടികളുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും എല്ലാം സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ പ്രയോജനകരമാകും.
2020 ഏപ്രിൽ 24-ന് ദേശീയ പഞ്ചായത്തി രാജ് ദിനത്തിൽ പ്രധാനമന്ത്രി മോദിയാണ് ഈ പദ്ധതി ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലെ അതിർത്തി തർക്കങ്ങൾ പൂർണമായും പരിഹരിക്കാൻ ഈ പദ്ധതി വഴി കഴിയുന്നതാണ്. ഇതുവരെയായി 1.53 ലക്ഷം ഗ്രാമങ്ങൾക്കായി ഏകദേശം 2.25 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായിട്ടുമുണ്ട്.
Discussion about this post