ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് ട്രെയിൻ ആയിരിക്കും. കുറഞ്ഞ ചിലവും, സൗകര്യക്കൂടുതലും ആണ് ഇതിന് നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം യാത്രകളിൽ നമ്മുടെ അരുമകളായ വളർത്ത് നായ്ക്കളെയും പൂച്ചകളെയും കൂടെ കൂട്ടാൻ കഴിയാത്തത് വലിയ വിഷമം സൃഷ്ടിക്കാറുണ്ട്.
ഇനി വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ആകട്ടെ, നിരവധി നൂലാമാലകളിലൂടെ കടന്ന് പോകേണ്ട സാഹചര്യവും ഉണ്ട്. എന്നാൽ ഇപ്പോൾ വളർത്തു മൃഗങ്ങളുമായുള്ള യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി താഴെ ചില നിർദ്ദേശങ്ങളും റെയിൽവേ മുന്നോട്ടുവയ്ക്കുന്നു.
വളർത്തു മൃഗങ്ങളുമായി എസി ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദം ഉള്ളൂ. വളർത്തു മൃഗങ്ങളെ കൂടെ കൂട്ടണം എങ്കിൽ പാഴ്‌സൽ ഓഫീസിൽ ദീർഘ നേരം വരിനിൽക്കുകയും വേണം. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വളർത്തു മൃഗങ്ങൾ ഉള്ള കാര്യം ഇനി റെയിൽവേയെ അറിയിക്കാം.
ഐആർസിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വളർത്ത് മൃഗങ്ങൾ കൂടെയുള്ള കാര്യം അപ്പോൾ തന്നെ അറിയിക്കാം. പാഴ്‌സൽ ഓഫീസിന് മുൻപിൽ പോയി വരിനിൽക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഇതിന്റെ പ്രിന്റ് ചെയ്ത കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം. വളർത്തു മൃഗങ്ങൾക്ക് വാക്‌സിൻ നൽകിയതിന്റെ രേഖകൾ കൈവശം കരുതണം. വളർത്തു മൃഗങ്ങളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങളും കൂടെ കരുതണം.
നിങ്ങളുടെ വളർത്തു മൃഗത്തിന്റെ നിറം, ലിംഗം, ബ്രീഡ് എന്നിവ വെറ്റിനറി ഡോക്ടറെ കണ്ട് സാക്ഷ്യപ്പെടുത്തിയ രേഖയും കൈവശം ഉണ്ടായിരിക്കണം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വളർത്ത് മൃഗവുമായി പാഴ്‌സൽ ഓഫീസിൽ എത്തിയിരിക്കണം. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വളർത്തുമൃഗത്തിന്റെ വിവരം നൽകിയിട്ടുണ്ടെങ്കിൽ പിഎൻആർ നമ്പർ മാത്രം നൽകിയാൽ മതിയാകും. തുടർന്ന് റെയിൽവേ അധികൃതരുടെ നിർദ്ദേശ പ്രകാരം യാത്ര തുടരാം.
Discussion about this post