ക്വാലാലംപുർ : ഇന്ത്യൻ ടീമിന്റെ അഭിമാനമായി മലയാളി താരം. മലേഷ്യയിൽ നടക്കുന്ന വനിതകളുടെ അണ്ടർ-19 ടി20 ക്രിക്കറ്റ് ലോകകപ്പിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി മലയാളി താരം വി.ജെ. ജോഷിത. മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 13.2 ഓവറിൽ വെറും 44 റൺസ് മാത്രമാണ് മത്സരത്തിൽ വെസ്റ്റിൻഡീസിന് നേടാൻ ആയത്. 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യൻ പെൺപുലികൾ ലക്ഷ്യം നേടി. ഗ്രൂപ്പ് എയിൽ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റിൻ്റെ സമഗ്ര വിജയമാണ് കൈവരിച്ചത്.
ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത നിക്കി പ്രസാദിൻ്റെ ക്യാപ്റ്റൻസിയിൽ ഉള്ള ഇന്ത്യൻ ടീം 13.2 ഓവറിൽ തന്നെ വെസ്റ്റിൻഡീസിന്റെ ബാറ്റിംഗ് അവസാനിപ്പിച്ചു. 2-0-5-2 എന്ന സ്കോറിനാണ് ജോഷിത പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ സമാറ രാംനാഥ്, നവോജന്നി കംബർബാച്ച് എന്നിവരുടെ വിക്കറ്റുകൾ ആണ് ജോഷിത വീഴ്ത്തിയത്.
വയനാട് സ്വദേശിനിയാണ് വി ജെ ജോഷിത. മിന്നു മണിക്കും സജന സജീവനും സി.എം.സി. നജ്‌ലയ്‌ക്കും പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയില്‍നിന്നുമാണ് ഇന്ത്യൻ ടീമിലേക്ക് ജോഷിതയും എത്തിയത്. കല്‍പ്പറ്റ സ്വദേശിയായ ജോഷിത കഴിഞ്ഞ ഏഴു വര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കൂടിയാണ് ജോഷിത. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
Discussion about this post