ബിഗ് ബാഷ് ലീഗിലെ ആവേശകരമായ ‘സിഡ്‌നി പോരിൽ ‘ സെഞ്ച്വറികൾ കൊണ്ട് വെടിക്കെട്ട് തീർത്ത് ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും. സിഡ്‌നി സിക്‌സേഴ്‌സും സിഡ്‌നി തണ്ടറും തമ്മിലുള്ള പോരാട്ടത്തിൽ വാർണറുടെ സെഞ്ച്വറിക്ക് മറുപടിയായി സ്മിത്തും സെഞ്ച്വറി നേടിയപ്പോൾ വിജയം സ്മിത്തിന്റെ സിക്‌സേഴ്‌സിനൊപ്പം നിന്നു.
ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടറിനായി ഡേവിഡ് വാർണർ 65 പന്തിൽ 110 റൺസ് അടിച്ചുകൂട്ടി. എന്നാൽ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഡ്‌നി സിക്‌സേഴ്‌സിനായി സ്റ്റീവ് സ്മിത്ത് വെറും 41 പന്തിൽ സെഞ്ച്വറി തികച്ച് തണ്ടറിനെ തകർത്തുവിട്ടു. മത്സരം എങ്ങോട്ട്വേണമെങ്കിലും തിരിയാം എന്ന ഖത്തിലായിരുന്നു സ്മിത്തിന്റെ മാജിക്ക്.
റയാൻ ഹാഡ്‌ലി എറിഞ്ഞ ഒരു ഓവറിൽ നാല് സിക്സറുകൾ ഉൾപ്പെടെ 32 റൺസാണ് സ്മിത്ത് അടിച്ചെടുത്തത്. ഇത് ബിബിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡാണ്. പാക് താരം ബാബർ അസമും (47 റൺസ്) സ്മിത്തും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 138 റൺസ് ചേർത്തു. തുടക്കം മുതൽ ആക്രമണ മോഡിൽ കളിച്ച സ്മിത്ത് നഥാൻ മക്ആൻഡ്രൂവിന്റെ പന്തിൽ അടിച്ച പടുകൂറ്റൻ സിക്സർ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലാണ് പതിച്ചത്.
സ്മിത്തിന്റെ പുറത്താകലിന് ശേഷം ചെറിയ പതർച്ച ഉണ്ടായെങ്കിലും 16 പന്തുകൾ ബാക്കി നിൽക്കെ സിക്‌സേഴ്‌സ് വിജയം ഉറപ്പിച്ചു. ഇതോടെ അവർ പോയിന്റ് പട്ടികയിൽ ആദ്യ നാലിലെത്തി. സിഡ്‌നി സിക്‌സേഴ്‌സിന്റെ അടുത്ത മത്സരം ഞായറാഴ്ച ബ്രിസ്‌ബേൻ ഹീറ്റിനെതിരെയാണ്. ഈ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിന് യോഗ്യത നേടും, തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും.
ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയ വാർണർ നിലവിൽ ബിബിഎല്ലിലെ റൺവേട്ടക്കാരിൽ ഒന്നാമതാണ്.













Discussion about this post