ജമ്മുകാശ്മീരിലെ രജൗരിയില്‍ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍, സമീപത്തെ ‘ബാവോളി’യില്‍ (ജലസംഭരണി) കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.. ഈ വെള്ളം കുടിച്ചവരാണ് മരിച്ചതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മരിച്ചവര്‍ നേരിട്ട് ഇവിടെനിന്ന് വെള്ളമെടുത്തോയെന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
രജൗരിയിലെ ബദാല്‍ ഗ്രാമത്തിലാണു ദുരൂഹമായ കൂട്ടമരണമുണ്ടായത്. 14 കുട്ടികളടക്കം മരിച്ച സംഭവം ദേശീയശ്രദ്ധ നേടിയതോടെ കേന്ദ്രമന്ത്രി അമിത് ഷാ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മരണകാരണം അറിയാന്‍ ഉന്നത സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷകരെയും നിയോഗിച്ചിരുന്നു.
പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണു രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത്. ഇതിന് കാരണം ന്യൂറോടോക്‌സിന്‍ വിഭാഗത്തിലുള്ള വിഷാംശം ഉള്ളില്‍ ചെന്നതാവാമെന്ന് സംശയമുണ്ടായിരുന്നു. ഗ്രാമത്തിലെ ആദിവാസികള്‍ വെള്ളം ശേഖരിക്കുമെന്ന ആശങ്കയുള്ളതിനാല്‍, കീടനാശിനി സാന്നിധ്യം കണ്ടെത്തിയ ബാവോളി അടച്ചിടാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നയിക്കുന്ന സംഘത്തില്‍ ആരോഗ്യം, കൃഷി, രാസവളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
സംഘം പ്രദേശത്തുനിന്നു ശേഖരിച്ച ജലസാംപിളുകള്‍ പരിശോധിച്ചപ്പോഴാണു കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ശേഖരിച്ച 3500 സാംപിളുകളിലും വൈറസുകളുടെയോ ബാക്ടീരിയകളുടെയോ സാനിധ്യം കണ്ടെത്തിയിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.








