ബെയ്‌ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടെർമിൽ ചൈനയോട് വ്യാപാര യുദ്ധം തുടങ്ങി വച്ചിരുന്നു. ഉയർന്ന താരിഫുകളും പ്രതികാര നടപടികളും ചൈന എന്ന വ്യാപാര ഭീഷണിയെ തടയാനായി ട്രംപ് മുൻകൈയെടുത്തു നടപ്പിലാക്കി. എന്നാൽ രാഷ്ട്രീയത്തിൽ എല്ലാ വിധത്തിലും എതിർ ചേരിയിലായിട്ടും ബൈഡൻ ഭരണകൂടം ട്രംപിന്റെ ഈ ചൈനാ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തിയതല്ലാതെ കുറച്ചില്ല. ഇതിനെ തുടർന്ന് കമ്പനികൾ ചൈന വിട്ട് പോകാനുള്ള പ്രവർത്തനങ്ങൾ പതുക്കെ തുടങ്ങി വച്ചു. കോവിഡ് മഹാമാരിയോടെ ഇതിന്റെ വേഗത വർദ്ധിക്കുകയും ചെയ്തു.
എന്നാൽ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ചൈന സത്യത്തിൽ ഇപ്പോഴാണറിയുന്നത്. കമ്പനികൾ കൂട്ടത്തോടെ പോകുന്നത് ഇന്ത്യയിലേക്ക് മാത്രമല്ലെങ്കിലും വലിയ ഒരു അളവ് ഇന്ത്യക്കും ലഭിക്കുന്നുണ്ട്. എന്നാൽ ഇതിനു തടയിടാനുള്ള വജ്രായുധം പ്രയോഗിക്കാൻ തന്നെയാണ് അവരുടെ പുറപ്പാട്. തകർച്ചയിൽ നിന്നും രക്ഷപ്പെടാൻ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ലെന്നതും സത്യമാണ്.
ട്രംപ് ഭരണമേറ്റെടുക്കുന്നതോടെ ചൈനയുടെ മേലുള്ള ഉപരോധങ്ങളും നികുതി വർദ്ധനയും നടപ്പിൽ വരും എന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടികളുമായി ചൈന മുന്നോട്ട് പോകുന്നത്.
ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഹൈടെക് നിർമ്മാണത്തിന് ആവശ്യമായ ജീവനക്കാർക്കും പ്രത്യേക ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്താനുള്ള നടപടികളാണ് ചൈന തുടങ്ങി വച്ചിരിക്കുന്നത്. തങ്ങളുടെ സാങ്കേതിക നൈപുണ്യം ചൈനീസ് അതിർത്തി വിട്ടുപോകുന്നത് തടയാൻ ചൈന പരമാവധി ശ്രമിക്കുന്നുവെന്നാണ് ബ്ലൂംബെർഗ് പുറത്ത് വിട്ട ഒരു റിപ്പോർട്ട് പറയുന്നത്.
ഈ മേഖലകളിലേക്കുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപകരണ കയറ്റുമതിയും പരിമിതപ്പെടുത്താൻ നിയന്ത്രണ ഏജൻസികളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ബീജിംഗ് അനൗപചാരികമായി ഉപദേശിച്ചിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, സാധ്യതയുള്ള തൊഴിൽ നഷ്ടം കുറയ്ക്കുക, യുഎസ് പുതിയ വ്യാപാര തടസ്സങ്ങൾ ഏർപ്പെടുത്തിയാൽ വിദേശ നിക്ഷേപകർ ചൈന വിടുന്നത് നിരുത്സാഹപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
ആപ്പിളിന്റെ പ്രാഥമിക അസംബ്ലി പങ്കാളിയായ ഫോക്‌സ്‌കോണിന്, ഇന്ത്യൻ ഫാക്ടറിയിലേക്ക് ചൈനീസ് ജീവനക്കാരെ വിന്യസിക്കുന്നതിലും ചൈനയിൽ നിന്ന് പ്രത്യേക യന്ത്രങ്ങൾ സ്വീകരിക്കുന്നതിലും ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ടുണ്ട്. ഈ പ്രശ്‌നങ്ങൾ ഇതുവരെ ഉൽപ്പാദനത്തെ ബാധിച്ചിട്ടില്ലെങ്കിലും, ഈ നിയന്ത്രണങ്ങളുടെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ അവ എടുത്തുകാണിക്കുന്നു.
ഇതിനെ തുടർന്ന്, ആപ്പിളും ഫോക്സ്കോണും ഇന്ത്യൻ സർക്കാരിന്റെ അടിയന്തിര സഹായം തേടിയതായാണ് പറയപ്പെടുന്നത്. ഇത് ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ വിപുലീകരണ പദ്ധതികളെ ബാധിക്കുമെന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ വേണ്ട നടപടികൾ കേന്ദ്രസർക്കാർ ഉടനടി നടപ്പിലാക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം ചൈന ആയത് കൊണ്ട് ഇതല്ല ഇതിനപ്പുറവും ചെയ്യും എന്ന ധാരണ കൃത്യമായി ഉള്ളവർ ആണല്ലോ ഈ രാജ്യം ഭരിക്കുന്നത്.
Discussion about this post