ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് (എൽവിഎഡി) ഇംപ്ലാൻ്റേഷൻ നടത്തുന്ന സർക്കാർ സ്ഥാപനമായി ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ). ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിൻ്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. രണ്ട് വർഷത്തിലേറെയായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന സായുധ സേനയിലെ വിമുക്തഭടൻ്റെ 49 കാരിയായ ഭാര്യയിൽ ആണ് ഇംപ്ലാൻ്റേഷൻ വിജയകരമായി നടത്തിയത്.
‘മെക്കാനിക്കൽ ഹാർട്ട്’ ആയി കണക്കാക്കപ്പെടുന്ന എൽവിഎഡി അവസാനഘട്ട ഹൃദയസ്തംഭനമുള്ള രോഗികൾക്ക് ജീവൻ രക്ഷിക്കാനുള്ള വഴിയായി പ്രവർത്തിക്കുന്നു. ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് HeartMate 3 LVAD. കഠിനമായ ഹൃദയസംബന്ധമായ അവസ്ഥകളുള്ള രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് എൽവിഎഡി ഇംപ്ലാൻ്റേഷൻ.
ഡൽഹി കൻ്റോൺമെൻ്റിലെ ആർമി ഹോസ്പിറ്റലിൽ (റിസർച്ച് ആൻഡ് റഫറൽ) വെച്ച് നടത്തിയ ഇംപ്ലാന്റേഷന് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്. ശസ്ത്രക്രിയ പൂർണമായും വിജയമായിരുന്നതായി ഡോക്ടർമാരുടെ സംഘം അറിയിച്ചു. വൈദ്യ പരിചരണത്തിൽ ആർമി ഹോസ്പിറ്റലിൻ്റെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
Discussion about this post