ന്യൂഡൽഹി: സ്മാർട് ഫോണുകൾ വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചതോടെ ടെലികോം കമ്പനികൾ റീചാർജ് താരിഫിലും മാറ്റം വരുത്തിയിരുന്നു. പണ്ട് വിളിക്കാനും എസ്എംഎസ് അയക്കുന്നതിനും ഉള്ള താരിഫുകൾ ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ പിന്നീട് അത് മാറി. ഒരു നിശ്ചിത തുക നൽകിയാൽ ഇന്റർനെറ്റ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുന്ന താരിഫുകൾ ആയിരുന്നു മൊബൈൽ കമ്പനികൾ ഉപയോക്താക്കായി മുന്നോട്ടുവച്ചത്. അതായത് ഒരു നിശ്ചിത തുക അടച്ചാൽ കോൾ, ഇന്റർനെറ്റ്, എസ്എംഎസ് എന്നീ സേവനങ്ങൾ നമുക്ക് ലഭിക്കും.
എന്നാൽ ഇത്തരം റീചാർജ് പ്ലാനുകൾ നല്ലൊരു ശതമാനം ആളുകൾക്കും, പ്രത്യേകിച്ച് സ്മാർട് ഫോൺ ഉപയോക്താക്കൾ അല്ലാത്ത പഴയ തലമുറയ്ക്ക് വലിയ സാമ്പത്തിക ഭാരം ആയിരുന്നു നൽകിയത്. സാധാരണ മൊബൈൽ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഇത്തരം പ്ലാനുകൾ വലിയ നഷ്ടവും ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതോടെയാണ് കോളിനും എസ്എംഎസിനുമായി പ്രത്യേകം റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് നിർദ്ദേശം നൽകിയത്. ഇതോടെ ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് ജിയോ.
ഉപയോക്താക്കൾക്കായി രണ്ട് റീചാർജ് പ്ലാനുകൾ ആണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 458 രൂപയുടെ പ്ലാൻ ആണ് ഇതിൽ ആദ്യത്തേത്. 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളാണ് ഉപഭോക്താവിന് ലഭിക്കുക ആയിരം എസ്എംഎസും അയക്കാം. ഇതിനൊപ്പം ജിയോ ആപ്പുകളുടെ സേവനങ്ങളും ലഭിക്കുന്നു. എന്നാൽ ഇതിൽ ഇന്റർനെറ്റിനായുള്ള സൗകര്യം ഉപയോക്താവിന് ലഭ്യമല്ല. ഇതിനായി പ്രത്യേകം പ്ലാൻ തിരഞ്ഞെടുക്കേണ്ടതാണ്.
1958 രൂപയുടെ ആനുവൽ വോയ്‌സ് ഓൺലി പ്ലാൻ ആണ് അടുത്തത്. ഒരു വർഷമാണ് ഈ പ്ലാനിന്റെ കാലാവധി. അൺലിമിറ്റഡ് കോളുകൾ ഈ പ്ലാനിന്റെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിന് പുറമേ 3600 എസ്എംഎസുകളും ലഭിക്കും.
Discussion about this post