കർണാടക: മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും നഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസിൽ 2024 ഒക്ടോബറിലാണ് ഇ.ഡി അന്വേഷണം ആരംഭിക്കുന്നത്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ ഭാര്യ ബി.എം പാർവ്വതി, സഹോദരൻ ബി.എം മല്ലികാർജുന സ്വാമി എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് മുഡാ ഭൂമി കുംഭകോണം. ഈ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നതായും ഇത് സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായും സാമൂഹിക പ്രവർത്തകർ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .
ഭാര്യക്ക് ലഭിച്ച, ഇപ്പോൾ ആരോപണ വിധേയമായിരിക്കുന്ന ഭൂമി 1998 ൽ സഹോദരൻ മല്ലികാർജുന സമ്മാനമായി നൽകിയതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നത് . എന്നാൽ 2004 ൽ മല്ലികാർജുന ഇത് നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നും സർക്കാർ, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തെന്നും ആക്ടിവിസ്റ്റ് കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, വ്യത്യസ്ത ഹർജികളിൽ ഇഡി സമൻസ് അയച്ചതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയും മന്ത്രി സുരേഷും കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പാർവതിയുടെ അഭിഭാഷകൻ ഹൈക്കോടതി ബെഞ്ചിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post