തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മത, സാമുദായിക സംഘടനകളുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കാം. വിലക്കു നീക്കിക്കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പു സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ 67(എ) വകുപ്പിലാണു വിലക്കിനെക്കുറിച്ചു പറയുന്നത്. മുന്‍പു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സമുദായ സംഘടനകളില്‍ ഭാരവാഹിയാകുന്നതിനു തടസ്സമില്ലായിരുന്നു. എന്നാല്‍ മത തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ചില സംഘടനകളുടെ ഭാരവാഹികളായി ചില ജീവനക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. രണ്ടു വര്‍ഷം മുന്‍പു വിലക്ക് ഏര്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തു.തുടര്‍ന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മത, സമുദായ സംഘടനകളുടെ ഭാരവാഹിത്വം മാത്രമല്ല ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കമ്മിറ്റി ഭാരവാഹിത്വം പോലും വഹിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയായി.ഇതോടെ ട്രസ്റ്റുകളുടെയും, ചാരിറ്റബിള്‍ സംഘടനകളുടെയും ഭാരവാഹിയാകുന്നതിനും ജീവനക്കാര്‍ക്ക് തടസ്സമായി. സ്ഥാനം ഒഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടായി. ഈ സാഹചര്യത്തില്‍ വിലക്കു പിന്‍വലിക്കണമെന്നു വിവിധ സാമുദായിക നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണു പഴയ തീരുമാനം പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയും അനുമതി നല്കാന് ഉത്തരവിടുകയും ചെയ്തത്. ഇതോടെ, തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത സംഘടനകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പ്രവര്‍ത്തിക്കുകയും ഭാരവാഹികളാവുകയും ചെയ്യാം.
Discussion about this post