ന്യൂഡൽഹി: ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പുതിയ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും സഹിതം എക്‌സിൽ പങ്കുവച്ച കുറിപ്പ് അക്കൗണ്ട് സഹിതം അപ്രത്യക്ഷമായി.
വൈശാലിയെ അവഗണിച്ചത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനത്തിന് കാരണമായതിന് പിന്നാലെയാണ് ഉസ്ബെക്കിസ്താൻ താരം വിശദീകരണ കുറിപ്പുമായി എത്തിയത്. മതപരമായ കാരണത്താലാണ് ഹസ്തദാനം ഒഴിവാക്കിയതെന്നും, വൈശാലിയോട് പൂർണ ബഹുമാനമാണെന്നും കുറിപ്പിൽ യാക്കുബോയെവ് വ്യക്തമാക്കിയിരുന്നു. ഇതും ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയായികുന്നു.
നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയായിരുന്നു സംഭവം. ചെസ് മത്സരം തുടങ്ങുന്നതിന് മുന്നോടിയായി വൈശാലി കൈനീട്ടിയെങ്കിലും നോദിർബെക് യാക്കുബോയെവ് ഒഴിഞ്ഞു മാറുകയായിരുന്നു. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് വൈശാലി കൈനീട്ടിയത്. എന്നാൽ അത് സ്വീകരിക്കാതെ യാക്കുബോയെവ് തൻറെ കസേരയിൽ ഇരുന്നു.
എന്നാൽ 2023ൽ നടന്ന അബുദാബി ചെസ് ടൂർണമെൻറിൽ, ഇന്ത്യൻ വനിതാ ചെസ്താരം ദിവ്യ ദേശ്മുഖിന് നോദിർബെക്ക് യാകുബ്ബോവ് കൈകൊടുക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടി മതപരമായ കാരണങ്ങളല്ല ഹസ്തദാനം നൽകാത്തതിന് കാരണമെന്ന് ചില സോഷ്യൽമീഡിയ ഉപയോക്താക്കൾ കുറ്റപ്പെടുത്തി.
Discussion about this post