ന്യൂഡൽഹി: മാലിദ്വീപിന് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ച് പുനരാലോചിക്കാൻ ഇന്ത്യ. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മാലിദ്വീപ് മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഹായം നൽകുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്. നിലവിൽ മാലിദ്വീപിന്റെ പ്രതിസന്ധി മറികടക്കാൻ വലിയ സഹായങ്ങളാണ് നൽകിവരുന്നത്. എന്നാൽ ചൈനയുമായുള്ള മാലിദ്വീപിന്റെ ബന്ധം ഇതിന് പ്രതികൂലമായി ബാധിക്കും. ഇതേ തുടർന്നാണ് പുന:രാലോചിയ്ക്കാൻ തീരുമാനിച്ചത്.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അഭ്യർത്ഥന പ്രകാരം 50 മില്യൺ ഡോളറിന്റെ ട്രഷറി ബില്ലിന്റെ റോൾ ഓവർ ഇന്ത്യ 1 വർഷത്തേയ്ക്ക് നീട്ടിയായിരുന്നു മാലിദ്വീപിനെ സഹായിച്ചത്. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിപ്പ് പുറപ്പെടുവിച്ചത്. ഇതിന് പുറമേ മറ്റ് സാമ്പത്തിക സഹായവും രാജ്യത്തിന് ഇന്ത്യ നൽകിയിരുന്നു. ഇതിൽ 400 മില്യൺ ഡോളർ കറൻസി സ്വാപ്പ് ഡീലും ഉൾപ്പെടുന്നു. ഇതിന് പുറമേ അമേരിക്കൻ ഡോളറിന് പകരം പ്രാദേശിക കറൻസി ഉപയോഗിച്ച് വ്യാപാരം നടത്താനും അനുവാദം നൽകിയിരുന്നു.
എന്നാൽ ചൈനയുടെ ഇടപെടൽമൂലം ഈ സഹായങ്ങൾ ഫലം കാണില്ല. മാത്രവുമല്ല കടുത്ത വരുമാന നഷ്ടവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മാലിദ്വീപും ചൈനയും തമ്മിലുള്ള വ്യാപാര കരാറിലൂടെ പ്രതിവർഷം ഏകദേശം 30 മുതൽ 40 മില്യൺ ഡോളർ വരെ മാലിദ്വീപിന് കസ്റ്റംസ് ഫീസായി നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. ചൈനയ്ക്കൊപ്പം തന്നെ തുർക്കിയുമായും സമാന കരാർ ആലോചിക്കുകയാണ് മാലിദ്വീപ്. ഇതും വലിയ സാമ്പത്തിക നഷ്ടം ആണ് മാലിദ്വീപ് ഉണ്ടാക്കുക. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ തീരുമാനം.
Discussion about this post