ഡല്‍ഹി: ക്യാമ്പസുകളില്‍ നഷ്ടപ്പെട്ടു പോയ സ്വാധീനം ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയ ജെഎന്യപ യൂണിയന് ചെയര്മാന് കനയ്യകുമാര്‍ വഴി വീണ്ടെടുക്കാന്‍ എഐഎസ്എഫ്. ജെഎന്‍യു ക്യാമ്പസിലെ സമരപരിപാടികളുടെ ഭാഗമായി ഉയര്‍ന്നുവെന്ന കനയ്യകുമാറിനെ മുന്നില്‍ നിര്‍ത്തി ക്യാമ്പസുകളില്‍ സജീവമാകാനാണ് എഐഎസ്എഫിന്റെ ആലോചന. ഇതിനായി കനയ്യകുമാറിന്റെ പ്രസംഗം വലിയ തോതില്‍ ഇന്ത്യയിലെ വിവിധ കോളേജ് ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് എഐഎസ്ഫ് തീരുമാനം. പലയിടത്തും നിര്‍ജ്ജീവമായ ഘടകങ്ങള്‍ സജീവമാക്കാനും സംഘടന ഉദ്ദേശിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമകാലിക പ്രസക്തി ഓര്‍മ്മപ്പെടുത്തുകയാണ് കനയ്യയുടെ പ്രസംഗമെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു.
അതേസമയം കനയ്യകുമാറിനെ ഉപയോഗിച്ച് ക്യാമ്പസില്‍ സജീവമാകാനുള്ള എഐഎസ്എഫ് നീക്കത്തിനോട് എസ്എഫ്ഐയ്ക്ക് അനിഷ്ടമുണ്ട്. എസ്എഫ്ഐ സജീവമായ ക്യാമ്പസുകളിലാണ് ഇപ്പോള്‍ എഐഎസ്എഫ് സാന്നിധ്യമുള്ളത്. ഇവിടെ എഐഎസ്എഫ് വലിയ തോതില്‍ വളരുന്നതിനോട് എസ്എഫ്ഐ നേതാക്കള്‍ക്ക് താല്പര്യമില്ല. അതു കൊണ്ട് തന്നെ കനയ്യ കുമാറിനെ ദേശീയ ഹീറോ ആയി ഉയര്‍ത്തിക്കാട്ടുന്നതിനോട് എസ്എഫ്ഐ നേതാക്കളില്‍ പലര്‍ക്കും താല്പര്യമില്ല. മോദി സര്‍ക്കാരിനെതിരെ കനയ്യകുമാറിനെ ഉയര്‍ത്തികാട്ടാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങളോടും എസ്എഫ്ഐ നേതാക്കള്‍ക്ക് താല്പര്യമില്ല. എന്നാല്‍ പരസ്യമായി ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനാവാത്ത അവസ്ഥയിലാണ് അവര്‍.
കേരളത്തിലെ ക്യാമ്പസുകളില്‍ കനയ്യകുമാറിനെ ദേശീയ ഹീറോ ആയി അവതരിപ്പിക്കുന്നതില്‍ പല എസ്എഫ്ഐ നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. ഡിവൈഎഫ്ഐ നേതാക്കളില്‍ പലരും ഇതേ നിലപാടുകാരാണ്. എന്നാല്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസുവും, സംഘടന ചേരിതിരിവും മറന്ന് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് സിപിഎം തേൃത്വത്തിലുള്ളവരുടെ അഭിപ്രായം. എന്നാല്‍ ക്യാമ്പസുകളില്‍ അത് എസ്എഫ്ഐ സ്വാധീനം ഇടിയുന്നതിന് കാരണമാകുമെന്ന് നേതാക്കള്‍ രഹസ്യമായി പറയുന്നു.
കനയ്യകുമാറിന് ജാമ്യം ലഭിച്ച ശേഷം നടന്ന പ്രസംഗവും തുടര്‍ന്ന് കനയ്യ കുമാറിന് ഇടതുപക്ഷ സംഘടനകള്‍ നല്കിയ സ്വീകാര്യതയും എസ്എഫ്ഐ നേതാക്കള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ക്യാമ്പസുകളില്‍ എസ്എഫ്ഐ നിലവില്‍ തന്നെ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിനിടയില്‍ വളര്‍ന്നു വരാവുന്ന ഇടത്പക്ഷ ആഭിമുഖ്യം എഐഎസ്എഫ് ഉപയോഗപ്പെടുത്തുമോ എന്നാണ് അവരുടെ ആശങ്ക.താന്‍ എഐഎസ്എഫ് ആണെന്നും, സിപിഐ ആണെന്നും അടിവരയിട്ട് കനയ്യകുമാര്‍ ഓരോ അഭിമുഖങ്ങളിലും പറയുന്നതും ശ്രദ്ധേയമാണ്.
ബിജെപി പ്രധാന എതിരാളി അല്ലാത്ത കേരളത്തിലും ബംഗാളിലും കനയ്യകുമാഫിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വരുന്നതിനോടും നേതാക്കള്‍ക്ക് താല്പര്യമില്ല. വ്യക്തി കേന്ദ്രീകൃതമായി സമീപനങ്ങള്‍ സംഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പല എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ കനയ്യയെ ഉയര്‍ത്തി കാട്ടുന്നതില്‍ ഇവര്‍ക്കുള്ള വൈമുഖ്യം വ്യക്തമാകും. ഉമര്‍ ഖാലിദ് പോലുള്ളവരെയും ഉയര്‍ത്തിക്കാട്ടുന്നതിലും എസ്എഫ്ഐയ്ക്ക് താല്പര്യമില്ല. കനയ്യകുമാറിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഉമര്‍ ഖാലിദിനെ പോലെയുള്ളവരെ ഒഴിവാക്കാന്‍ കഴിയില്ല എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെ അവഗണിക്കുന്നതില്‍ ഒരു വിഭാഗത്തിന് വലിയ എതിര്‍പ്പുണ്ട് എന്നതും എസ്എഫ്ഐയെ അലട്ടുന്നുണ്ട്.
Discussion about this post