ഡല്‍ഹി: പ്രിയങ്കാഗാന്ധിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ശക്തമാകുന്നു. പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ തന്ത്രജ്ഞനും മാനേജ്‌മെന്റ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് നല്‍കി. പ്രിയങ്കയുടെ വ്യക്തിപ്രഭാവവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യവും അനുകൂല ഘടകങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രിയങ്കയെ രംഗത്തിറക്കുന്നത് രാജ്യത്താകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രശാന്ത് കിഷോര്‍ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ പ്രിയങ്കാഗാന്ധി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട് എന്നതിനാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങളായി യു.പിയിലെ റായ് ബറേലിയിലും അമേത്തിയിലും കഴിഞ്ഞ തവണ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രിയങ്കയായിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളായതിന്റെ ഗുണം പ്രയോജനപ്പെടുത്താനും പ്രിയങ്കയുടെ നേതൃത്വത്തിന് കഴിയും. ഇവയെല്ലാമാണ് പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനുള്ള അനുകൂല ഘടകങ്ങള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയുള്ള ബി.ജെ.പിയുടെ പ്രചാരണത്തിനും, ബിഹാറില്‍ നിതീഷ് കുമാറിനെ മുന്‍ നിര്‍ത്തി മഹാസഖ്യത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും നേതൃത്വം നല്‍കിയത് പ്രശാന്ത് കിഷോറായിരുന്നു. അതുകൊണ്ടു തന്നെ പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാക്കുമെന്ന അഭ്യൂഹങ്ങള്‍ ഇക്കുറി കൂടുതല്‍ ശക്തമാണ്.
Discussion about this post