ന്യൂഡൽഹി: സൊമാലിയൻ തീരത്തിനടുത്ത് ഒരു വ്യാപാര കപ്പലിലെ 17 ജീവനക്കാരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സേന നടത്തിയ ധീരമായ ഓപ്പറേഷന്റെ വിശദാംശങ്ങൾ പരസ്യമാക്കി കേന്ദ്ര സർക്കാർ. ഉയർന്ന അപകടസാധ്യതയുള്ള ദൗത്യം നിർവഹിക്കുന്നതിനായി സി -17 സൈനിക ഗതാഗത വിമാനം പറത്തിയ പൈലറ്റിനെയും സൈന്യം ആദരിച്ചു.
2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ (IAF) കമ്മീഷൻ ചെയ്യപ്പെട്ട വിംഗ് കമാൻഡർ അക്ഷയ് സക്‌സേന 2021 ഫെബ്രുവരി മുതലാണ് C-17 സ്ക്വാഡ്രണിൽ നിയമിതനായത്. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്, “അദ്ദേഹത്തിന്റെ അദമ്യമായ ധൈര്യത്തിനും പ്രകടമായ ധീരതയ്ക്കും” വായുസേനയുടെ ധീരതയ്ക്കുള്ള മെഡൽ അദ്ദേഹത്തിന് ലഭിച്ചു.
അറബിക്കടലിൽ പൈറേറ്റ്സ് വിരുദ്ധ ഓപ്പറേഷൻ “സങ്കൽപ്” നെ പിന്തുണച്ചുകൊണ്ട് 2024 മാർച്ച് 16 നാണ് ഈ ദൗത്യം നടപ്പിലാക്കിയത്.
2023 ഡിസംബറിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മാൾട്ടീസ് പതാക വഹിച്ച ഒരു ബൾക്ക് കാരിയറായിരുന്നു എംവി റൂയിൻ. 2024 മാർച്ചിൽ ഇന്ത്യൻ നാവികസേന ഒരു രഹസ്യ ഓപ്പറേഷനിലൂടെ കപ്പൽ തിരിച്ചുപിടിക്കുകയായിരുന്നു. കപ്പലിലുള്ള മുഴുവൻ ജീവനക്കാരെയും ഇന്ത്യൻ മറൈൻ കോർപ്സ് രക്ഷിക്കുകയും കടൽക്കൊള്ളക്കാരനെ പിടികൂടുകയും ചെയ്യുകയായിരുന്നു.
കടൽക്കൊള്ളക്കാർ അറബിക്കടലിലെ വ്യാപാര കപ്പലുകളിൽ ആക്രമണം നടത്തുക മാത്രമല്ല, ഐഎൻഎസ് കൊൽക്കത്തയിൽ വെടിയുതിർക്കുകയും 2024 മാർച്ച് 15 ന് ഒരു നാവിക സ്പോട്ടർ ഡ്രോൺ വെടിവച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. ഇവരുടെ നിയന്ത്രണത്തിലുള്ള കപ്പൽ പിടിച്ചെടുക്കാൻ വിംഗ് കമാൻഡർ സക്‌സേന രണ്ട് കോംബാറ്റ് റബ്ബറൈസ്ഡ് റെയ്ഡിംഗ് ക്രാഫ്റ്റ് (സിആർആർസി) ബോട്ടുകളും കോംബാറ്റ് ലോഡുള്ള 18 മാർക്കോകളുടെ ഒരു സംഘവും വ്യോമമാർഗം ഇറക്കുകയായിരുന്നു.
ദൗത്യത്തിന്റെ അടിയന്തിര സ്വഭാവവും രഹസ്യ സ്വഭാവവും കണക്കിലെടുത്ത്, വിംഗ് കമാൻഡർ സക്‌സേന അനുയോജ്യമായ ജീവനക്കാരെ ധ്രുത ഗതിയിൽ തിരഞ്ഞെടുക്കുകയും വളരെ പെട്ടെന്ന് തന്നെ വിക്ഷേപണത്തിന് വിമാനം തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയം ജനുവരി 25 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ദൗത്യ സംഘം മറ്റൊരു രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് നാല് മണിക്കൂറോളം അനുവാദമില്ലാതെയും കണ്ടെത്തപ്പെടാതെയുംപറന്നു. ഇതിനു പുറമേ, കടൽക്കൊള്ളക്കാരിൽ നിന്നുള്ള ഭീഷണിയും സംഘത്തിന് അതിജീവിക്കേണ്ടതായി വന്നിരുന്നു.
സി-17 വിമാനത്തിന്റെ ക്യാപ്റ്റനായ വിംഗ് കമാൻഡർ സക്‌സേന, പിടിക്കപ്പെടാതിരിക്കാൻ വിമാനം വളരെ താഴ്ന്ന നിലയിൽ മാത്രം പറത്തുകയും. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ വെളിച്ചം തീരെ കുറഞ്ഞ സമയത്ത് വിമാനം ഇറക്കാനും തീരുമാനിച്ചു.
എന്നാൽ ഏറ്റവും വലിയ ട്വിസ്റ്റ് വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. വിമാനത്തിൽ നിന്ന് ദൗത്യ സംഘത്തെ ഇറക്കുന്നതിന് വെറും 50 നോട്ടിക്കൽ മൈൽ മാത്രം അകലെ വച്ച് ഇറങ്ങേണ്ട സ്ഥലം മാറ്റുകയുണ്ടായി. എന്നാൽ ഇതിനു ശേഷവും, കൃത്യമായ ഒരു എയർ ഡ്രോപ്പ് സുരക്ഷിതമായി നടത്താൻ അദ്ദേഹം ക്രൂവിന് നിർദ്ദേശം നൽകി, അങ്ങനെ കടൽക്കൊള്ളക്കാരെ പിടികൂടാനും എംവി റൂയണിനെ 17 അംഗ സംഘത്തോടൊപ്പം രക്ഷിക്കാനും കഴിഞ്ഞു.
വളരെ ശ്രമകരമായ ദൗത്യത്തിന്റെ കുറ്റമറ്റ നിർവ്വഹണത്തിൽ, ഉദ്യോഗസ്ഥൻ അസാധാരണമായ ധൈര്യം, ചലനാത്മക നേതൃത്വം, മികച്ച പ്രൊഫഷണലിസം, ഉറച്ച ദൃഢനിശ്ചയം എന്നിവ പ്രകടിപ്പിച്ചതായി, വിംഗ് കമാൻഡർ സക്‌സേനയെ ആദരിക്കുന്ന വേളയിൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ അഭിമാനമായ മറൈൻ കോർപ്‌സിന്റെ, അഥവാ മാർക്കോസിന്റെ കിരീടത്തിൽ ഒരു പോൺ തൂവൽ കൂടെ ആയിരിക്കുകയാണ് ഈ ദൗത്യം
Discussion about this post