ഗാന്ധിനഗർ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ തയ്യാറെടുത്ത് ഗുജറാത്ത്. യുസിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു അഞ്ചംഗ കമ്മിറ്റിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിയോഗിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കമ്മിറ്റിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിന് ശേഷം യുസിസി നടപ്പിലാക്കുന്ന സംസ്ഥാനമായി മാറാനാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്.
യൂണിഫോം സിവിൽ കോഡ് തയ്യാറാക്കുന്നതിനും നിയമനിർമ്മാണം നടത്തുന്നതിനുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഒരു 5 അംഗ സമിതി രൂപീകരിച്ചതായി ഭൂപേന്ദ്ര പട്ടേൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കമ്മിറ്റി 45 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സ്വത്ത് വിഭജനം, മറ്റ് സിവിൽ കാര്യങ്ങൾ എന്നിവയ്ക്ക് സംസ്ഥാനത്തെ എല്ലാ പൗരന്മാരെയും ഒരു ഏകീകൃത നിയമത്തിൻ കീഴിൽ കൊണ്ടുവരുന്നതാണ് യുസിസി ലക്ഷ്യമിടുന്നത്. ജനുവരി 27 നാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
Discussion about this post