തൃശ്ശൂർ : തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45) എന്ന യുവാവാണ് മരിച്ചത്. പച്ചമരുന്ന് വിൽപ്പനക്കാരനാണ് ഇദ്ദേഹം. ആനന്ദ് വയലിൽ കിടന്ന് വിശ്രമിക്കുകയായിരുന്ന സമയത്താണ് ഇടഞ്ഞ ആന ഓടിയെത്തി ആക്രമിച്ചത്.
ആനയുടെ ആക്രമണത്തിൽ പാപ്പാനും പരിക്കേറ്റിട്ടുണ്ട്. ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ചിറക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവത്തിന് മുന്നോടിയായി കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തുകയും ഇടഞ്ഞോടുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്സവ സ്ഥലത്തിന് അരികിലുള്ള ചിറ്റാട്ടുകര-കടവല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വയലിൽ വിശ്രമിക്കുന്നതിനിടയാണ് ആനന്ദിനെ ആന ആക്രമിച്ചത്. ആനന്ദിന്റെ ഭാര്യയും ഇതേസമയം ഒപ്പം ഉണ്ടായിരുന്നു. പെട്ടെന്ന് ഓടി മാറിയതിനാലാണ് ഭാര്യ രക്ഷപ്പെട്ടത്. സ്ഥലത്ത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ച ആനയെ പിന്നീട് കണ്ടാണശ്ശേരിയിൽ വച്ച് തളച്ചു.
Discussion about this post