ന്യൂഡൽഹി : പാർലമെന്റിലെ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ദരിദ്രരുടെ കുടിലുകളിൽ കയറുന്ന ചില ആളുകൾക്ക് രാഷ്ട്രപതിയുടെ ദരിദ്രരെ കുറിച്ചുള്ള പ്രസംഗം വിരസമായി തോന്നും എന്ന് മോദി സൂചിപ്പിച്ചു. ദരിദ്രർക്ക് നല്ല വീടുകൾ വച്ചു കൊടുക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായുള്ള കഠിന പരിശ്രമം ഞങ്ങൾ തുടരുക തന്നെ ചെയ്യും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 25 വർഷത്തെ ഭാവിയെക്കുറിച്ച് രാഷ്ട്രപതി രാഷ്ട്രത്തോട് സംസാരിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ഈ പ്രസംഗം വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും പുതിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യും. സ്വാതന്ത്ര്യാനന്തരം 50 വർഷത്തിലധികമായി രാജ്യം ഭരിച്ചിരുന്നവർ ദാരിദ്ര്യനിർമാർജനത്തിനായി ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം മാത്രമാണ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തിക്കാൻ തങ്ങളുടെ സർക്കാരിന് കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
“ഞങ്ങൾ പാവപ്പെട്ടവർക്ക് മുദ്രാവാക്യങ്ങൾ നൽകുന്നതിന് പകരം അവർക്ക് യഥാർത്ഥ വികസനം നൽകി. ഭൂമിയിൽ മാറ്റങ്ങൾ അനിവാര്യമാണ്. കുടിലിൽ കഴിഞ്ഞിരുന്ന അനേകായിരം ആളുകൾക്ക് കോൺക്രീറ്റ് മേൽക്കൂരകൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ആ സുരക്ഷിതത്വം എന്താണെന്ന് കുടിലിൽ കഴിഞ്ഞവർക്ക് മാത്രമേ അനുഭവിച്ച് അറിയാൻ കഴിയുകയുള്ളൂ. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും രാജ്യത്തെ 16 കോടിയിലധികം വീടുകളിൽ പൈപ്പ് കണക്ഷൻ ഉണ്ടായിരുന്നില്ല. 5 വർഷം കൊണ്ട് 12 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം എത്തിക്കുന്ന ജോലി പൂർത്തിയാക്കാൻ ഞങ്ങളുടെ ഗവൺമെന്റിന് കഴിഞ്ഞു” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post