തെക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ കരയ്ക്കടിഞ്ഞ ഒരു ഭീമാകാരന്‍ കൊലയാളി സ്രാവിന്റെ ഘാതകരെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ശരീരത്തില്‍ ആഴത്തിലുള്ള കടിപാടുകളോടുകൂടി ആന്തരിക അവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ് സ്രാവിനെ കണ്ടെത്തിയത്. ഇതോടെ പല ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ഭീകരനെ കൊന്നുതള്ളിയത് ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഡിഎന്‍എ ടെസ്റ്റില്‍ ബ്രോഡ്നോസ് സെവന്‍ഗില്‍ സ്രാവുകളും ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
കടിയേറ്റ മുറിവുകളില്‍ നിന്ന് സ്വാബ് ശേഖരിച്ച് ജനിതക പരിശോധന നടത്തുകയായിരുന്നു. ഇത് ഒരു ‘യഥാര്‍ത്ഥ ഇരപിടിയന്‍ സംഭവമാണ്’ എന്ന് ഗവേഷകര്‍ പറഞ്ഞു, ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2023 ഒക്ടോബറില്‍ പോര്‍ട്ട്ലാന്‍ഡിന് പടിഞ്ഞാറുള്ള കേപ് ബ്രിഡ്ജ് വാട്ടറിന് സമീപമാണ് സ്രാവിന്റെ മൃതദേഹം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് സമീപമുള്ള വെളുത്ത സ്രാവുകളില്‍ നടന്ന മുന്‍ ഓര്‍ക്കാ ആക്രമണങ്ങളുമായി കടിയേറ്റ പാറ്റേണുകള്‍ പൊരുത്തപ്പെടുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു ഓര്‍ക്കാകള്‍ കൊലയാളി സ്രാവില്‍ നിന്ന് അതിന്റെ കരള്‍ എടുത്തുകഴിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വേട്ടയാടല്‍ തന്ത്രങ്ങള്‍ വികസിപ്പിക്കുന്ന ഓര്‍ക്കകള്‍
കൊലയാളി തിമിംഗലങ്ങള്‍ സാധാരണയായി മത്സ്യങ്ങളെയും കടല്‍ സിംഹങ്ങളെയും പെന്‍ഗ്വിനുകളെയുമാണ് വേട്ടയാടുന്നത്. എന്നിരുന്നാലും, സമീപകാല പഠനങ്ങള്‍ കാണിക്കുന്നത് അവ വേട്ടക്കാരെയും വേട്ടയാടുന്നു എന്നാണ്. ഫ്രോണ്ടിയേഴ്സ് ഇന്‍ മറൈന്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, ഓര്‍ക്കകള്‍ തിമിംഗല സ്രാവുകളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
2018 നും 2024 നും ഇടയില്‍, ഓര്‍ക്കകള്‍ തിമിംഗല സ്രാവുകളെ കൊല്ലാന്‍ അതിവേഗത്തിലുള്ള ആക്രമണ രീതികള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ രീതി ഇരയെ രക്ഷപ്പെടുന്നത് തടയുന്നു. സ്രാവുകള്‍ രക്തം വാര്‍ന്നൊഴുകിക്കഴിഞ്ഞാല്‍, ഓര്‍ക്കകള്‍ അവയുടെ പോഷകസമൃദ്ധമായ കരള്‍ കഴിക്കുന്നു.
Discussion about this post