എറണാകുളം: കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്ന് ഉച്ചയോടെയാണ് പുറംലോകം കണ്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്ക് സമീപമുള്ള കുഴിയിലാണ് കുഞ്ഞ് വീണത്. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്.
ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിനെ കാണാനില്ലെന്ന് കുടുംബം വിമാനത്താവളം അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കാണാതായതോടെ, സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മാലിന്യക്കുഴിയുടെ സമീപത്തേക്ക് പോവുന്നത് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞിന്റെ ചെരുപ്പ് മാലിന്യക്കുഴിയ്ക്ക് സമീപം കണ്ടെത്തി. കുഴിയിൽനിന്നും കുഞ്ഞിനെ ഉടന പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽ്യകിയിരുന്നു. ഇതിന് പിന്നാലെ, ആശുപത്രിയിലെത്തിച്ചെങ്കിലും മരണം 1.42ഓടെ സംഭവിക്കുകയായിരുന്നു.
പത്ത് മിനിറ്റോളം കുഞ്ഞ് മാലിന്യക്കുഴിയിൽ കിടന്നിട്ടുണ്ടെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നയാൾ പറയുന്നു. നാലടിയോളം താഴ്ച്ചയുള്ള കുഴിയിലാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ തന്നെ സിപിആർ കൊടുത്തിരുന്നു. മാലിന്യം നിറഞ്ഞ വെള്ളം പുറത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദൃക്സാക്ഷി പറഞ്ഞു.
എന്തുകൊണ്ട് മാലിന്യക്കുഴി മൂടിയിരുന്നില്ലെന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ സംഭവത്തിൽ ഉയരുന്നുണ്ട്. സംഭവത്തിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിശദീകരണവുമായി സിയാൽ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വച്ചാണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന കഫേയുടെ പിൻഭാഗത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഇവിടേയ്ക്ക് നടവഴിയില്ല. ഒരു വശത്ത് കെട്ടിവും മറുവശത്ത് ബോഗെയ്ൻ വില്ല ചെടികൊണ്ടു തീർത്ത വേലിയുമാണ്. മാതാപിതാക്കൾ വിമാനമിറങ്ങി, അൽപ്പ സമയം കഴിഞ്ഞാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഇതിന് പിന്നാലെ, സിയാൽ സെക്യൂരിറ്റി വിഭാഗം സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മാലിന്യക്കുഴിയുടെ ഭാഗത്തേക്ക് പോവുന്നത് ശ്രദ്ധയിൽ പെട്ടത്. കുഞ്ഞിനെ പുറത്തെടുത്ത ശേഷം, പ്രാഥമിക ചികിത്സ നൽകിയ ശേഷം, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 1.42 ഓട് കൂടി മരണം സംഭവിക്കുകയായിരുന്നുവെന്നും സിയാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post