https://youtu.be/e8s-7pXZKDk?si=nzIsTeyKpdU7MzWg
ഭാരതഭൂമിയുടെ ചരിത്രഗതികളിലെല്ലാം അരികുവൽക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താൻ, അതാത് സമയത്ത് തിരുത്തൽ സംവിധാനങ്ങളും സാമൂഹ്യപരിഷ്കർത്താക്കളും ഈ ധർമ്മത്തിനുള്ളിൽ നിന്ന് തന്നെ ഉയർന്ന് വന്നിട്ടുണ്ട്. നിരന്തരമായ ആ കൂട്ടിച്ചേർക്കലുകളുടേയും മാറ്റങ്ങളുടേയും ആകെത്തുകയാണ് നാം ഇന്ന് കാണുന്ന സനാതന ധർമ്മം.
ലോകം മുഴുവനുമുള്ള സംഘടിതമതങ്ങൾ പുരുഷൻ്റെ ശക്തിപ്രകടനമായിരുന്നെങ്കിൽ സനാതന ധർമ്മത്തിൽ പുരുഷനും സ്ത്രീയ്ക്കും മാത്രമല്ല ഭിന്നലിംഗത്തിൽപ്പെട്ടവർക്കും അതിൻ്റേതായ സ്ഥാനം നൽകിയിരുന്നു . അർദ്ധനാരീശ്വര ശിവശക്തിയെ ആരാധിക്കുന്ന ഹിന്ദു എക്കാലത്തും ഭിന്നലിംഗ വിഭാഗത്തിന് എല്ലാവരേയും പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിഹാസങ്ങളിലും പുരാണങ്ങളിലുമെല്ലാം ഭിന്നലിംഗവിഭാഗത്തിലുള്ളവരെ മറ്റാരേയും പോലെ തന്നെയാണ് പരാമർശിച്ചിട്ടുള്ളത്.
മഹാഭാരതയുദ്ധത്തിൽ പതിനെട്ട് അക്ഷൗഹിണികളിൽ ഒന്ന് നയിച്ചത് മഹാപ്രതാപശാലിയായ പോരാളിയെന്ന് പേരുകേട്ട ശിഖണ്ഡിയായിരുന്നു. ചന്ദ്രവംശത്തിൻ്റെ പൂർവ്വമാതാവായ ഇള ഒരു മാസം പുരുഷനായും ഒരു മാസം സ്ത്രീയായും ലിംഗമാറ്റം നടത്തുന്നതായി പുരാണങ്ങളിൽ വിവരിച്ചിട്ടുണ്ട്. പൗരുഷത്തിൻ്റെ മൂർത്തീരൂപമായ അർജ്ജുനൻ തന്നെയാണ് ബ്രഹന്ദള എന്ന ഭിന്നലിംഗക്കാരിയായി വിരാടരാജസഭയിൽ ഒരു വർഷം കഴിഞ്ഞത്. വിഷ്ണുദേവൻ തന്നെ മോഹിനിയായി സാക്ഷാൽ മഹാദേവൻ്റെ വരെ മനസ്സിളക്കിയതായി പുരാണമുണ്ട്.
ഭിന്നലിംഗ അവകാശങ്ങളെപ്പറ്റി ഇന്ന് വാചാലരാവുന്ന പാശ്ചാത്യസംസ്കാരം ഉരുത്തിരിയുന്നതിനു ആയിരക്കണക്കിനു കൊല്ലം മുൻപേ ഭാരതത്തിൽ ഭിന്നലിംഗത്തെ പൊതുധാരയായിത്തന്നെ അംഗീകരിച്ചിരുന്നു.
ഉത്തരഭാരതത്തിൽ ഭിന്നലിംഗ വിഭാഗത്തിന് പണ്ടുമുതലേ മതപരമായി പ്രാധാന്യം കൽപ്പിച്ചിരുന്നു. ഹൈന്ദവ സന്യാസി വിഭാഗത്തിലും ഭിന്നലിംഗത്തിന് പ്രാതിനിധ്യമുണ്ട്. ഭിന്നലിംഗക്കാരെ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേരാണ് കിന്നരർ എന്നത്. പുരാണങ്ങളിൽ പാതിമനുഷ്യരും പാതി പക്ഷികളുമായ വിശിഷ്ടജീവികളായാണ് കിന്നരരെ ചിത്രീകരിച്ചിരിക്കുന്നത്. യക്ഷർ, ഗന്ധർവർ, കിന്നരർ, അപ്സരസുകൾ ഇവരെയെല്ലാം ദേവന്മാരുടെ കലാകാരന്മാരായാണ് കണക്കാക്കുന്നത്.
ഒരു കാലത്ത് സമൂഹത്തിൽ വലിയ സ്ഥാനം അലങ്കരിച്ചിരുന്ന ട്രാൻസ്ജെണ്ടർ വിഭാഗത്തിൻ്റെ അരികുവൽക്കരണം ഇസ്ലാമിക അധിനിവേശകാലം മുതൽ തുടങ്ങിയതാണ്. മുഗളന്മാർ ഭിന്നലിംഗക്കാകെ തങ്ങളുടെ അന്തപ്പുരസ്ത്രീകളുടെ കാവൽക്കാരായി മാറ്റി. പൂജകളും പുണ്യകർമ്മങ്ങളും നടത്തിയിരുന്ന ഉയർന്ന സാമൂഹ്യസാഹചര്യങ്ങളിൽ നിന്ന് അവർ വെറും കാവൽക്കാരായും അന്തഃപുര വാസികളായും അധഃപതിച്ചു.
എന്നാൽ അതിനുശേഷം വന്ന ബ്രിട്ടീഷുകാർ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ബഹുസ്വരതയെന്തെന്ന് മനസ്സിലാവാത്ത കൊളോണിയൽ ബ്രിട്ടീഷ് സാമ്രാജ്യത്തം അവരെ കൂട്ടത്തോടെ ജയിലിലടക്കാനും ഉപദ്രവിക്കാനും ആരംഭിച്ചു. 1871ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ക്രമിനൽ ട്രൈബ്സ് ആക്ട് പ്രകാരം ഭിന്നലിംഗക്കാർ നിരോധിക്കപ്പെട്ട വിഭാഗമായിരുന്നു. ഇങ്ങനെയുള്ള കൊളോണിയൽ നിയമങ്ങളുടെ പൊട്ടും പൊടിയും ആധുനിക ഭരണഘടനയിലും ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു.
ഇന്ത്യയിൽ ട്രാൻസ്ജെണ്ടർ, എൽജിബിടിക്യൂ വിഭാഗങ്ങൾക്കായി ശബ്ദമുയർത്തുന്ന ആക്ടിവിസ്റ്റ് കൂടിയായ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മിനാരായണ ത്രിപാഠിയാണ് കിന്നർ അഖാഡ സ്ഥാപിക്കാൻ പ്രധാന ശ്രമം നടത്തിയത്. 2014ൽ മൂന്നാം ലിംഗം എന്നത് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ത്രിപാഠി സുപ്രീം കൊടതിയിൽ ഒരു പരാതി നൽകി. ഈ വ്യവഹാരത്തിൻ്റെ വിജയത്തെ തുടർന്നാണ് 2015ൽ കിന്നർ അഖാഡ സ്ഥാപിക്കപ്പെടുന്നത്. ഭിന്നലിംഗക്കാരുടേയും കലാകാരന്മാരുടേയും സന്യാസിസമൂഹമാണ് കിന്നർ അഖാഡ. ഏറ്റവും വലിയ അഖാഡയായ ജുന അഖാഡയുടെ ശാഖ ആയാണ് കിന്നർ അഖാഡ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. 2016ൽ ഉജ്ജയിനിൽ സംഘടിപ്പിച്ച കുംഭമേളയിൽ ഇവർ ആദ്യമായി പങ്കെടുത്തു. 2019 ൽ പ്രയാഗ്രാജിൽ സംഘടിപ്പിച്ച കുംഭമേളയിലും ഇവർ പങ്കെടുത്തിരുന്നു. അതോടെ കിന്നര അഖാഡ പൊതു സന്യാസസമൂഹത്തിൻ്റെ ഭാഗമായി മാറി.
അധിനിവേശ മൂല്യങ്ങളുടെ അതിപ്രസരം മൂലം പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നലിംഗ സമൂഹത്തിൻ്റെ ഉന്നമനമാണ് കിന്നര അഖാഡയുടെ പ്രധാന ലക്ഷ്യം. ആ സമൂഹത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുകയും അവരുടെ ആത്മീയജീവിതത്തിൽ ലക്ഷ്യബോധമുണ്ടാക്കുകയുമാണ് കിന്നര അഖാഡ ചെയ്യുന്നത്.
2025 കുംഭമേളയിൽ മുൻ ബോളിവുഡ് താരം മമത കുൽകർണിയെ മഹാമണ്ഡലേശ്വർ ആയി പ്രഖ്യാപിച്ചതോടെ കിന്നർ അഖാഡയെപ്പറ്റി രാജ്യം മുഴുവൻ ചർച്ച ചെയ്തു. ആത്മീയ ജീവിതത്തിലും ആദ്ധ്യാത്മികോന്നതിയിലും തൽപ്പരരായ വൈരാഗികളായ ഭിന്നലിംഗക്കാരുടെ ഒരു സന്യാസ സമൂഹം എന്നതിനേക്കാൾ ഹിന്ദുത്വത്തിൻ്റെ ബഹുസ്വരതയുടെയും വിശാലതയുടേയും തെളിവായിക്കൂടിയാണ് കിന്നര അഖാഡയുടെ സംഘാടനം.
‘നാം സ്ത്രീയുമല്ല പുരുഷനുമല്ല, രണ്ടിൻ്റേയും ഏറ്റവും മികച്ച ഭാഗങ്ങൾ ചേർന്നവരാണെന്നാണ്‘ കിന്നർ അഖാഡയിലെ മഹന്ത് അവന്തികാ ഗിരി അഭിപ്രായപ്പെടുന്നത്. അർദ്ധനാരീശ്വരനും ബൗച്ചറദേവിയുമാണ് ഈ അഖാഡയുടെ ദേവതകൾ. കലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് കിന്നർ അഖാഡയിലെ ഭൂരിഭാഗം സന്യാസിമാരും.
കിന്നർ അഖാഡയിൽപ്പെട്ടവർ അനുഗ്രഹിച്ചാൽ ജീവിതത്തിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറിക്കിട്ടും എന്നാണ് ഹിന്ദു വിശ്വാസം. മഹാകുംഭത്തിലും തങ്ങൾക്കടുത്തെത്തുന്നവരെ അർദ്ധനാരീശ്വരകടാാക്ഷം പ്രാപ്തമാക്കാൻ കിന്നര സന്ന്യാസിമാർ അനുഗ്രഹം ചൊരിയുന്നു.
Discussion about this post