ഗംഗ,യമുന നദികളുടെ മണൽതിട്ടകളാൽ വിശാലമായി പരന്നുകിടന്നിരുന്ന പ്രയാഗ്രാജ്, അതിവേഗത്തിലായിരുന്നു മനോഹരമായ ഒരു ടെന്റ് നഗരമായി മാറിയത്. മഹാകുംഭമേളയ്ക്കായി എത്തിയ കോടിക്കണക്കിന് ഭക്തർക്ക് ഈ ടെന്റുകൾ താമസ സുരക്ഷയൊരുക്കി. ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ ടെന്റുകളിൽ 20 ലക്ഷത്തോളം വിശ്വാസികൾ ഒരേ സമയം വിശ്രമിക്കുന്നു എന്നാണ് കണക്കുകൾ.
പരന്നുകിടക്കുന്ന ഈ മണൽത്തിട്ടയിൽ ഇതെങ്ങനെ സാധ്യമായി എന്ന് ഓരോ തീർത്ഥാടകരും അത്ഭുതപ്പെടും, മൂവായിരം തൊഴിലാളികളാണ് ടെന്റ് നിർമ്മാണത്തിൽ പങ്കാളികൾ ആയിരുന്നത്. 68 ലക്ഷം മരത്തടികളും നൂറ് കിലോമീറ്റർ നീളത്തിൽ വരുന്ന തുണിയും ടെന്റുകൾക്കായി ഉപയോഗിച്ചു. 250 ടൺ സിജിഐ ഷീറ്റുകൾ ഉപയോഗിച്ചാണ് മേൽക്കൂരകൾക്കായി ഉപയോഗിച്ചത്. പാരമ്പര്യവും എൻജിനീയറിംഗ് വിസ്മയവും ഇഴചേർന്ന ടെന്റുകളുടെ നിർമ്മാണ രീതി മഹാകുംഭമേളയ്ക്ക് എത്തുന്ന ആരെയും വിസ്മയിപ്പിക്കും. ഈ ടെന്റുകൾക്കായി ഭക്ഷണത്തിനുളള പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി 7000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എഐ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപ്പെടുത്തിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ ചെറു അനക്കങ്ങൾ പോലും വ്യക്തതയോടെ പകർത്താൻ കഴിയുന്ന 2700 സിസിടിവി ക്യാമറകളാണ് മേളയിലെ ഓരോ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുള്ളത്. 40000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.
ലോകമെമ്പാടു നിന്നുമായെത്തുന്ന തീർത്ഥാടകരെ പ്രയാഗ്രാജിലെ അടിസ്ഥാന സൗകര്യം ഒട്ടും നിരാശപ്പെടുത്തില്ല. സഞ്ചാരത്തിനായി 200 ഓളം റോഡുകൾ ആയിരുന്നു സർക്കാർ പുതുതായി നിർമ്മിച്ചത്. ബാക്കിയുള്ള റോഡുകൾ നവീകരിച്ചു. 1,100 കിലോമീറ്ററോളം വരുന്ന ചെറിയ ചെറിയ താത്ക്കാലിക റോഡുകളാണ് കുംഭമേള നഗരിയിൽ മാത്രം നിർമ്മിച്ചത്. ഇരുമ്പു പ്ലേറ്റുകളാണ് ഇതിനായി ഉപയോഗിച്ചത്. തിരക്ക് കൂടിയ സ്ഥലങ്ങളിൽ ഇത് എട്ടുവരി പാതയായും, ചില സ്ഥലങ്ങളിൽ ഇത് നാലുവരിയായും നിർമ്മിച്ചിട്ടുണ്ട്. റോഡുകളുടെയെല്ലാം ഇരുവശങ്ങൾ കണ്ണുകൾക്ക് മിഴിവേകി ലക്ഷക്കണക്കിന് ചെടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പ്രയാഗ്രാജ് മുനിസിപ്പൽ കോർപ്പറേഷന്റെയും പിഡബ്ല്യുഡിയുടെയും പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെയും സംയുക്തമായ പ്രയത്നം ആണ് ഭക്തർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പുവരുത്തിയത്.
ഏകദേശം നാലായിരം ഹെക്ടർ വരുന്ന സ്ഥലത്താണ് കുംഭമേളയ്ക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എട്ട് കിലോ മീറ്റർ നീളത്തിലുള്ള സ്നാനഘട്ടുകൾ ഭക്തരുടെ സൗകര്യത്തിനായി 12 കിലോമീറ്ററായി നീട്ടി. നദി മുറിച്ചു കടക്കാൻ 30 ഓളം ഫ്ളോട്ടിംഗ് ബ്രിഡ്ജുകൾ ആയിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. ഇത് ഭക്തരുടെ തീർത്ഥാടനം കൂടുതൽ എളുപ്പമാക്കുന്നു.
ഗംഗാ തീരം മലിനമാകാതിരിക്കാൻ കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനും വലിയ സൗകര്യങ്ങളാണ് പ്രയാഗ്രാജിൽ ഏർപ്പെടുത്തിയത് . 1,50,000 ശുചിമുറികളാണ് ഇവിടെ താത്ക്കാലികമായി ഒരുക്കിയിട്ടുള്ളത്. ഓരോയിടങ്ങളിലും താത്കാലിക ആരോഗ്യകേന്ദ്രങ്ങളും ഉണ്ട്. കിലേമീറ്ററുകൾ ഇടവിട്ട് ആംബുലൻസ് സർവ്വീസുകളും കാണാനാകും. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഇവിടെയെത്തി ചികിത്സ തേടാം. തീർത്ഥാടനത്തിനായി എത്തുന്ന ഓരോ ഭക്തർക്കും ഏതു +ശിബിരത്തിൽ കയറിയാലും യഥേഷ്ടം ഭക്ഷണം ലഭിക്കും. ഭാരതത്തിലെ വിവിധ രുചികളാൽ സമ്പന്നാണ് കുംഭമേള നഗരി.
ലോകമെമ്പാടുനിന്നും കോടിക്കണക്കിന് ഭക്തർ എത്തുന്നതുകൊണ്ടും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി പഴുതടച്ച സുരക്ഷ ആണ് കുംഭമേളയുടെ വേദിയിൽ ഒരുക്കിയിട്ടുള്ളത്. വാച്ച് ടവർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. കുംഭമേള പ്രമാണിച്ച് 30, 000 സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . പ്രത്യേക വിമാന സർവ്വീസുകളും പ്രയാഗ്രാജിലേക്ക് ഉണ്ട്.
മഹാകുംഭമേളയ്ക്കായി എത്തുന്ന വിശ്വാസികൾക്ക് ആത്മനിർവൃതിയുടെ നിമിഷങ്ങളാണ് പ്രയാഗ്രാജ് നൽകുന്നത്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് ആണ് സമാപിക്കുന്നത്. 45 ദിവസം നീളുന്ന ഈ മഹാത്ഭുതത്തിൽ കോടിക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും വന്നുപോകുന്നത്.
Discussion about this post