ഡല്‍ഹിയിലെ ജണ്ടേവാലയിലെ നാലേക്കര്‍ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നത് മൂന്ന് വമ്പന്‍ കെട്ടിടങ്ങള്‍. ഓരോന്നിനും 12 നിലകളിലായി 300 മുറികള്‍. സംരക്ഷണത്തിന് കേന്ദ്രസേന. കേശവ് കുഞ്ച് എന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പുതിയ കാര്യാലയം വെറുമൊരു കെട്ടിടം മാത്രമല്ല. ദേശീയ രാഷ്ടീയത്തില്‍ ശക്തമായ അടിവേരുകളുള്ള ആര്‍എസ്എസിന്റെ തലസ്ഥാനത്തെ വളര്‍ച്ചയുടെ പ്രതീകം കൂടിയാണ്.
ഗുജറാത്തില്‍ നിന്നുള്ള വാസ്തുശില്‍പ്പിയാണ് വിസ്മയകരമായ ഈ നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. 75,000ല്‍ പരം സ്വയം സേവകരുടെയും ഭാരവാഹികളുടെയും സംഭാവനയുപയോഗിച്ചാണ് ഈ കെട്ടിടത്തിന്റെ നിര്‍മാണം. ഇനി മുതല്‍ ഇവിടെ നിന്നാകും സംഘടനയുടെ പ്രത്യയശാസ്ത്രപരവും ബൗദ്ധികപരവുമായ നീക്കങ്ങളുണ്ടാവുക.
കേശവ് കുഞ്ചിലെ 12 നില കെട്ടിടത്തില്‍ ഭാരവാഹികള്‍ക്കും ജീവനക്കാര്‍ക്കുമായി 300 മുറികളാണുള്ളത്, സംഘടനയുടെ പ്രത്യയശാസ്ത്ര സമ്മേളനങ്ങള്‍ നടത്തുന്നതിന് രണ്ട് വലിയ ഓഡിറ്റോറിയങ്ങള്‍, ചരിത്രം പറയുന്ന വിശാലമായ ലൈബ്രറി, നിര്‍മിതിയുടെ മധ്യത്തില്‍ പ്രഭാത ശാഖകള്‍ക്കായി മനോഹരമായ രീതിയില്‍ പരിപാലിച്ചിട്ടുള്ള വിശാലമായ പുല്‍ത്തകിടികള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഉദാസിന്‍ ആശ്രമത്തിലെ പഴയ കെട്ടിടത്തില്‍ നിന്നും ഈ സമുച്ചയത്തിലേക്ക് കാര്യാലയം മാറ്റപ്പെടുകയാണ്.
നിലവില്‍ പുതിയ കാര്യാലയം നിര്‍മിച്ച സ്ഥലത്ത് 1939ലാണ് ആര്‍എസ്എസിന്റെ ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിതമായത്. . 1962ല്‍ രണ്ടാമത്തെ നില നിര്‍മിച്ചു. പിന്നീട് ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പുതിയ സമുച്ചയം നിര്‍മിക്കാനും വീണ്ടും 9 വര്‍ഷത്തോളം സമയമെടുത്തു. ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെയും സംഘടനകളുടെയും ഓഫീസുകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ കാര്യാലയത്തിന്റെ ഹൃദയഭാഗത്തായുള്ള ഗ്രന്ഥശാലയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. ്. ഇസ്ലാമിക, ക്രൈസ്തവ പഠനങ്ങള്‍ മുതല്‍ ബുദ്ധ, സിഖ് തത്വചിന്തകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പ്രത്യയശാസ്ത്ര കൃതികളും ഇവിടെ ലഭ്യമാണ്. ആര്‍എസ്എസിന്റെ സവിശേഷവും വിശാലവുമായ ചിന്താഗതികളുടെ പ്രതീകമാണ് ഈ ഗ്രന്ഥശാല. ഇത് സമുച്ചയത്തിന്റെ ഏറ്റവും കൗതുകകരമായ പ്രത്യേകതയാണിത്.
കൂടാതെ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച രണ്ട് ഓഡിറ്റോറിയങ്ങളാണ് കേശവ് കുഞ്ചിലുള്ളത്. ഒന്നില്‍ അഞ്ഞൂറിലേറെയും മറ്റൊന്നില്‍ നൂറിലേറെയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിന് പുറമെ 600ലേറെ ആളുകള്‍ക്ക് ഒത്തു കൂടാന്‍ കഴിയുന്ന ഒരു ഹാളും ഇവിടെയുണ്ട്. ഒരേ സമയം നൂറിലേറെ പേര്‍ക്ക് ഇരുന്നു കഴിക്കാന്‍ കഴിയുന്ന ഭോജനശാലയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ചെറിയൊരു ഹെല്‍ത്ത് സെന്ററും ക്ലിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post