ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇടക്കാല ഭരണകൂടത്തെ കടപുഴക്കി എറിയാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിൽ അഭയം തേടിയ ശേഷം ആദ്യമായി നടത്തിയ പരസ്യ പ്രസംഗത്തിലാണ് മുഹമ്മദ് യൂനസിനെതിരെ ഹസീന അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. യൂനസിനെ ‘അഴിമതിക്കാരനും അധികാരക്കൊതിയനായ വഞ്ചകനുമെന്ന്’ വിശേഷിപ്പിച്ച ഹസീന, ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കില്ലെന്നും ആവർത്തിച്ചു.
പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൽ നടന്ന ‘സേവ് ഡെമോക്രസി ഇൻ ബംഗ്ലാദേശ്’ എന്ന പരിപാടിയിലാണ് ഹസീനയുടെ റെക്കോർഡ് ചെയ്ത സന്ദേശം കേൾപ്പിച്ചത്. തന്റെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയ നടപടിയെ അവർ ശക്തമായി അപലപിച്ചു. “രക്തം ചിന്തി നേടിയെടുത്ത ഭരണഘടനയെ സംരക്ഷിക്കാൻ ബംഗ്ലാദേശിലെ ധീരരായ മക്കൾ തെരുവിലിറങ്ങണം. വിദേശ ശക്തികളുടെ കയ്യിലെ പാവയായ ഈ ഭരണകൂടത്തെ എന്തുവിലകൊടുത്തും താഴെയിറക്കണം,” ഹസീന ആഹ്വാനം ചെയ്തു.
യൂനസ് ഭരണകൂടം രാജ്യത്തെ അരാജകത്വത്തിലേക്കും ഭീകരതയിലേക്കും തള്ളിവിട്ടുവെന്നും ഹസീന ആരോപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അവാമി ലീഗ് പ്രവർത്തകർ വേട്ടയാടപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഉണ്ടായ സംഘർഷങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ നിഷ്പക്ഷമായ പുനരന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. 2024 ഓഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിടേണ്ടി വന്ന ഹസീന, തന്റെ സർക്കാരിനെ അട്ടിമറിച്ചത് വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവർ വാദിച്ചു.












Discussion about this post