ഭാരതത്തിൻ്റെ ‘ഇന്ത്യ ഫസ്റ്റ്’ ഊർജ്ജ നയത്തിന് മുന്നിൽ ഒടുവിൽ അമേരിക്കൻ ഭരണകൂടം മുട്ടുമടക്കുന്നതായി വിവരങ്ങൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക താരിഫ് പിൻവലിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൂചന നൽകി. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ ‘പൊളിറ്റിക്കോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ്, ട്രംപ് ഭരണകൂടത്തിലെ കരുത്തനായ ബെസന്റ് ഈ നയതന്ത്ര വിജയം സ്ഥിരീകരിച്ചത്. ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചുവെന്നും അതിനാൽ ഈ ശിക്ഷാനടപടികൾ എടുത്തുകളയാനുള്ള ഒരു ‘നയതന്ത്ര പാത’ (Path) തെളിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ താരിഫ് ഒരു ‘വൻ വിജയമാണ്’ എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്തുന്ന പുതിയ ബിൽ അമേരിക്കൻ കോൺഗ്രസിന്റെ പരിഗണനയിലിരിക്കെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഭാരതത്തിലെ റിഫൈനറികളിൽ നിന്ന് റഷ്യൻ എണ്ണ സംസ്കരിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെ അദ്ദേഹം ‘വിഡ്ഢികൾ’ എന്നാണ് വിളിച്ചത്. “യൂറോപ്പുകാർ അവർക്കെതിരെ തന്നെയുള്ള യുദ്ധത്തിന് ഫണ്ട് നൽകുകയാണ്. ഇന്ത്യയിൽ നിന്ന് റഷ്യൻ എണ്ണയുടെ സംസ്കരിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ അവർ റഷ്യയെ സഹായിക്കുന്നു. ഇതൊരു വിരോധാഭാസമാണ്,” ബെസന്റ് തുറന്നടിച്ചു.
അതേസമയം, ഇന്ത്യയിൽ യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) അന്തിമഘട്ടത്തിലാണ്. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിനായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ അടുത്ത ആഴ്ച ഡൽഹിയിലെത്തും. റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തുന്ന അവർ ഇന്ത്യയെ ഒഴിവാക്കാനാവാത്ത സാമ്പത്തിക ശക്തിയായാണ് കാണുന്നത്.












Discussion about this post