ന്യൂയോർക്ക്: മോദി- ട്രംപ് കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിച്ചവർക്ക് തെറ്റിയില്ല. ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കാൻ അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവച്ചത് സ്വന്തം രാജ്യത്തിന്റെ ബ്രഹ്മാസ്ത്രങ്ങളിൽ ഒന്നാണ്. അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം ആയ എഫ് 35 ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള ആഗ്രഹം ആയിരുന്നു ട്രംപ് പ്രകടമാക്കിയത്.
ഇന്ത്യയുമായുള്ള പ്രതിരോധ ആയുധ വ്യാപാരം ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് എഫ് 35 അമേരിക്ക നൽകാനൊരുങ്ങുന്നത്. ദശലക്ഷം ഡോളർ വിലമതിക്കുന്ന കരാറിൽ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യയുടെ സൈനിക കരുത്ത് ഒന്ന് കൂടി വർദ്ധിക്കും. എന്തിരുന്നാലും വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനം ആണ് എഫ്-35. മാരക പ്രഹരശേഷികൊണ്ട് ലോകം വിറപ്പിച്ച അമേരിക്കയുടെ യുദ്ധവിമാനം ആണ് ഇത്. വേഗതയാണ് എഫ്-35നെ ഏറെ കരുത്തുറ്റതാക്കുന്നത്. കണ്ണിമ വെട്ടുന്ന സമയം കൊണ്ട് ശത്രുക്കളുടെ നെറുകയിൽ പ്രഹരം ചൊരിയാൻ എഫ് 35 യ്ക്ക് കഴിയും. അധ്യാതുനിക സാങ്കേതിക വിദ്യകളാൽ നിർമ്മിച്ചെടുത്ത യുദ്ധ വിമാനം ആണ് ഇത്. രൂപഘടന ഈ വിമാനത്തെ വേറിട്ടതാക്കുന്നു. അത്യാധുനിക സെൻസറുകൾ വിമാനത്തിലുണ്ട്. ഇത് ദീർഘദൂരത്തിലുള്ള ശത്രുക്കളെ കണ്ടെത്തുന്നതിനും പ്രതിരോധം തീർക്കുന്നതിനും സഹായിക്കും.
എഫ് 35 വിമാനങ്ങൾക്ക് മൂന്ന് വകഭേദങ്ങളാണ് ഉള്ളത. എഫ്-35 എ ആണ് ഇതിൽ ആദ്യത്തേത്. പരമ്പരാഗത ടേക്ക് ഓഫ് ലാൻഡിംഗ് സംവിധാനം ഉള്ള വിമാനങ്ങളാണ് ഇത്. ആദ്യ കാലങ്ങളിൽ അമേരിക്കൻ വ്യോമസേന വ്യാപകമായി ഉപയോഗിച്ചിരുന്ന വിമാനം ആയിരുന്നു ഇത്. 80 മില്യൺ ഡോളറാണ് ഈ വിമാനം നിർമ്മിക്കാൻ ചിലവ് വരിക.
ഷോർട്ട് ടേക്ക് ഓഫും വെർട്ടിക്കൽ ലാൻഡിംഗ് പ്രധാനം ചെയ്യുന്ന വകഭേദം ആണ് എഫ്-35 ബി. അമേരിക്കയുടെ തീരസംരക്ഷണ സേന വിഭാഗം ഉപയോഗിക്കുന്ന വിമാനം ആണ് ഇത്. ഇത് നിർമ്മിക്കാൻ 115 ബില്യൺ ഡോളർ ചിലവ് വരും.
വിമാന വാഹിനികൾക്കായി നിർമ്മിച്ച എഫ്-35 സി ആണ് എഫ് 35 സീരീസിൽ മൂന്നാമത്തേത്. നാവിക സേനയാണ് ഈ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇതിന്റെ നിർമ്മാണത്തിനായി 110 മില്യൺ ഡോളർ ആയിരിക്കും ചിലവ് വരിക.
നിർമ്മാണം മാത്രമല്ല ഈ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതും അൽപ്പം ചിലവേറിയത് ആണ്. ഈ വിമാനം ഓരോ മണിക്കൂർ പറക്കുന്നതിനും 36,000 ഡോളർ ചിലവ് വരും. അത്യാധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് നിർമ്മിച്ചതിനാലാണ് ഇതിന്റെ പ്രവർത്തനവും പരിപാലനവും ഇത്രയേറെ ചിലവേറിയത് ആകുന്നത്.
ധാരാളം രാജ്യങ്ങൾക്ക് ഈ യുദ്ധവിമാനം അമേരിക്ക കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൺ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കാണ് അമേരിക്കൻ യുദ്ധവിമാനം ഉള്ളത്. 72 എഫ് 35 വിമാനം ആണ് ഓസ്ട്രേലിയയുടെ പക്കൽ ഉള്ളത്.
അമേരിക്കയുടെ നിർദ്ദേശം ഇന്ത്യ അംഗീകരിക്കുകയാണെങ്കിൽ പുതിയ ചരിത്രം ആകും കുറിയ്ക്കപ്പെടുക. അമേരിക്കയിൽ നിന്നും ഏറ്റവും കരുത്തുറ്റ വിമാനം സ്വന്തമാക്കുന്ന നാറ്റോയിൽ അംഗമില്ലാത്ത, പസഫിക് യുഎസ് സഖ്യത്തിൽ അംഗമല്ലാത്ത രാജ്യം ആയിരിക്കും ഇന്ത്യ. നിലവിൽ ഫ്രാൻസിൽ നിന്നുള്ള റഫേൽ ആണ് ഇന്ത്യയുടെ പക്കലുള്ള അത്യാധുനിക യുദ്ധവിമാനം. അമേരിക്കയുടെ വിമാനങ്ങൾ കൂടി ഇന്ത്യയുടെ ഭാഗമായാൽ ശത്രു രാജ്യങ്ങൾക്ക് മുട്ടിടിയ്ക്കുമെന്ന് ഉറപ്പാണ്.
Discussion about this post