കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ ക്രൂരമായ റാഗിങ്ങിന് ഇരയാകുന്ന വിദ്യാർത്ഥികൾ നിരവധിയാണ്. ഈ അടുത്തകാലത്തായി തന്നെ നിരവധി കേസുകളാണ് റാഗിംഗുമായി ബന്ധപ്പെട്ട് കേരള പോലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇതിലും എത്രയോ ഇരട്ടിയാണ് പുറത്തുപോലും പറയാതെ വിദ്യാർത്ഥികൾ ഒതുക്കി വയ്ക്കുന്ന രഹസ്യങ്ങൾ. സഹപാഠികളുടെ ക്രൂരമായ റാഗിംഗ് താങ്ങാൻ കഴിയാതെ മനസ്സും ശരീരവും തളർന്ന് ജീവനൊടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഇപ്പോൾ വർദ്ധിച്ചു വരികയാണ്. സംസ്ഥാനത്തെ ഭരണകക്ഷി അനുകൂല വിദ്യാർത്ഥി സംഘടനയുടെ നേതാക്കൾ തന്നെ പലപ്പോഴും പ്രതിസ്ഥാനത്ത് ഉള്ളതിനാൽ പരാതിപ്പെടാൻ പോലും മിക്ക വിദ്യാർത്ഥികൾക്കും ഭയമാണ്. ഈ വിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് റാഗിംഗ് നേരിടേണ്ടിവരുന്ന ഓരോ വിദ്യാർത്ഥിക്കും ആശ്വാസമാകാനായി ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ് എബിവിപിയും ബജരംഗ് ദളും.
നിങ്ങൾ റാഗിംഗ് നേരിടുന്ന വിദ്യാർത്ഥി ആണെങ്കിൽ പ്രതിരോധിക്കാൻ ഞങ്ങൾ കൂടെയുണ്ടാകും എന്ന് വ്യക്തമാക്കി കൊണ്ടാണ് എബിവിപി ആന്റി റാഗിംഗ് സെൽ ആരംഭിച്ചിരിക്കുന്നത്. റാഗിങ് ഇരകൾക്ക് ഒപ്പം ഇനി മുതൽ തങ്ങളും ഉണ്ടാകും എന്ന് വ്യക്തമാക്കിക്കൊണ്ട് ബജരംഗ് ദളും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. റാഗിംഗ് മൂലം പ്രയാസപ്പെടുകയും അത് പുറത്തു പറയാൻ ഭയപ്പെടുകയും ചെയ്യുന്ന ഏത് വിദ്യാർത്ഥികൾക്കും എബിവിപിയുടെയോ ബജരംഗ് ദളിന്റെയോ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. നിങ്ങൾ നൽകുന്ന ഏത് വിവരവും രഹസ്യമാക്കി സൂക്ഷിച്ചുകൊണ്ടുതന്നെ കൂടെ നിൽക്കും എന്നാണ് സംഘടനകൾ വാഗ്ദാനം ചെയ്യുന്നത്.
“നിങ്ങൾ നിശബ്ദരാകേണ്ടതില്ല, നിങ്ങൾ ഭയപ്പെടേണ്ടതില്ല, നമുക്ക് പ്രതിരോധിക്കാം” എന്നാണ് എബിവിപി ആന്റി റാഗിംഗ് സെൽ ഉറപ്പിച്ച് വ്യക്തമാക്കുന്നത്. റാഗിംഗ് പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിളിക്കാനായി എബിവിപി നൽകിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ 8156810459 , 6238947550 , 75108 69164 എന്നിവയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എബിവിപി ഈ ഹെല്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടിരിക്കുന്നത്. മൊബൈൽ നമ്പറുകളിൽ കൂടാതെ antiraggingcellabvpkerala@gmail.com എന്ന ഇ മെയിൽ വിലാസത്തിലും പരാതികൾ അറിയിക്കാവുന്നതാണ്. ബജരംഗ് ദൾ കേരള ഘടകവും ഇതേ സഹായം നൽകാനായി സന്നദ്ധരാണ്. 8592989621 , 9846384513 എന്നീ നമ്പറുകളിലേക്ക് ആണ് ബജരംഗ് ദളിന്റെ സഹായത്തിനായി വിളിക്കേണ്ടത്. വിളിക്കുന്ന വിദ്യാർത്ഥികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ട് പ്രതിരോധ നടപടി സ്വീകരിക്കും എന്നാണ് ഇരു സംഘടനകളും ഉറപ്പുനൽകുന്നത്.
കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്ങിനെ തുടർന്ന് കഴിഞ്ഞദിവസം എബിവിപി ക്യാമ്പസിനുള്ളിൽ പ്രതിഷേധം നടത്തിയിരുന്നു. പോലീസ് ബാരിക്കേഡുകൾ പോലും മറികടന്നുകൊണ്ട് എബിവിപി ക്യാമ്പസിനുള്ളിൽ കടന്ന് കൊടിയുയർത്തി. ഇടതുപക്ഷ അനുകൂല വിദ്യാർത്ഥി സംഘടനകൾ കേരളത്തിലെ ക്യാമ്പസുകളിൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കണമെന്നാണ് എബിവിപി ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി പ്രവർത്തകനായ ഗോകുലിന് നേരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. ഈ സംഭവത്തിൽ കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എബിവിപി. പരിക്കേറ്റ എബിവിപി പ്രവർത്തകൻ ഗോകുലിനെ തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 20 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post