മുംബൈ: മഹാരാഷ്ട്രയിൽ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മിശ്രവിവാഹങ്ങളെക്കുറിച്ച് പഠിക്കുകയല്ലാതെ സർക്കാരിന് വേറെ പണിയൊന്നും ഇല്ലേയെന്ന് അദ്ദേഹം ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഒവൈസിയുടെ വിമർശനം.
കഴിഞ്ഞ ദിവസം ലൗജിഹാദ് പരാതികൾ പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് അദ്ദേഹത്തിന്റെ പരാമർശം. നേരത്തെ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ സമാജ്‌വാദി പാർട്ടി നേതാവും മഹാരാഷ്ട്ര എംഎൽഎയുമായ അബു അസ്മിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസി രംഗത്ത് എത്തിയത്.
മഹാരാഷ്ട്ര സർക്കാരിന് ആരൊക്കെ മിശ്രവിവാഹം ചെയ്യുന്നുവെന്ന് അന്വേഷിക്കുകയല്ലാതെ വേറെ പണിയൊന്നും ഇല്ല. അതുകൊണ്ടാണ് ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ സർക്കാർ കമ്മിറ്റിയെല്ലാം നിർമ്മിച്ചിരിക്കുന്നത്. ലൗജിഹാദിന് നിർവ്വചനം ഇല്ലെന്ന് കേന്ദ്രസർക്കാർ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. എന്നിട്ടാണ് ഇത്തരത്തിൽ സമിതി രൂപീകരിച്ചിരിക്കുന്നത്. അത് മാത്രവുമല്ല പല അന്വേഷണ ഏജൻസികളും ഇതിലെ കള്ളത്തരം പൊളിച്ചെറിഞ്ഞിട്ടും ഉണ്ട്.
നിർബന്ധിത മതപരിവർത്തനം ആര് ചെയ്താലും കുറ്റകരമാണ്. മതം മറച്ച് വിവാഹം ചെയ്യുന്നത് കുറ്റകരമാക്കി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വകുപ്പുകൾ ഉണ്ട്. അമ്മാവന്മാരുടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ ആണ് മഹാരാഷ്ട്ര സർക്കാർ. നിങ്ങൾ ആരെയാണ് വിവാഹം ചെയ്യുന്നത്, എന്താണ് കഴിക്കുന്നത്, ഏത് ഭാഷയാണ് സംസാരിക്കുന്നത്, എവിടെയാണ് താമസിക്കുന്നത്, ഏത് മതത്തിലാണ് വിശ്വസിക്കുന്നത് എന്നീ കാര്യങ്ങളിൽ എല്ലാം സർക്കാർ ഇടപെടും. അങ്ങനെ വരുമ്പോൾ സ്വകാര്യത എന്ന നിങ്ങളുടെ അവകാശത്തിന് എന്ത് സംഭവിക്കും. സ്വകാര്യത എന്നത് ഒരാളുടെ മൗലിക അവകാശം ആണ്. എല്ലാവർക്കും മതവും ജീവിത പങ്കാളിയെയും തിരഞ്ഞെടുക്കാൻ അവകാശം ഉണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Discussion about this post