ജയ്പൂർ: വർഷങ്ങളായി ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള ഒന്നാണ് നമ്മുടെ ഫാഷൻ സെൻസ്. സ്ത്രീകളും പുരുഷൻമാരും എന്നും ഒരുപോലെ, ഇക്കാര്യത്തിൽ വളരെയധികം, ബോധവാന്മാരാണ്. അതിനാൽ തന്നെ ആദ്യ കാലത്തെ ഫാഷൻ ട്രെൻഡുകൾ നോക്കിയാൽ, അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഇന്നത്തേത്.
ഇതിൽ ഏറ്റവും കൂടുതൽ ഉടച്ചുവാർക്കലുകൾ ഉണ്ടായിട്ടുള്ളത് ഒരുപക്ഷേ, പുരുഷൻമാരുടേതിലാണെന്ന് പറയാം. അതിന് കാരണമുണ്ട്, വർഷങ്ങളായി, പുരുഷൻമാരുടെ ഫാഷൻ സെൻസ് എന്നത് വളരെ ഗൗരവതരവും സിമ്പിളും ആയിരുന്നു. കറുപ്പ്, നീല നിറങ്ങളിൽ മാത്രം ഒതുങ്ജി നിന്നവയായിരുന്നു വസ്ത്രങ്ങൾ. പിങ്ക് പോലുള്ള നിറങ്ങൾ സ്‌ത്രൈണമാണെന്നും അത്തരം വസ്ത്രങ്ങൾ പുരുഷൻമാർ ഇടരുതെന്നുമുള്ള ശക്തമായ വിശ്വാസം നിലനിന്നിരുന്നു.
എന്നാൽ, ഈ സ്റ്റീരിയോടൈപ്പ് ചിന്താഗതി ഇപ്പോൾ മാറിമറഞ്ഞിരിക്കുന്നു. ഇന്നത്തെ കാലത്ത് നിറങ്ങളിലും വസ്ത്രങ്ങളുടെ സ്‌റ്റൈലിംഗിലും പുരുഷൻമാർ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പുരുഷൻമാരുടെ ഫാഷൻ എന്നത് വീരത്വം പുരുഷത്വം എന്നിവയല്ലാതായി മാറിയിരിക്കുന്നു.
ജയ്പൂരിൽ നടന്ന എഫ്ഡിസിഐ ഇന്ത്യ മെൻസ് വീക്കൻഡിൽ ഈ മാറ്റം വ്യക്തമായി പ്രതിഫലിച്ചിരുന്നു. രണ്ട് ദിവസത്തെ പരിപാടിയിൽ 26ഓളം ഡിസൈനർമാർ അവരുടെ ബോൾഡും സ്‌റൈലിഷും പരീക്ഷണാത്മകവുമായ മെൻസ് വെയർ ഡിസൈനുകൾ പ്രദർശിപ്പിച്ചു. ഒരുകാലത്ത് സ്ത്രീകളുടെ ഫാഷനായി മാത്രം കണക്കാക്കിയിരുന്നു നിറങ്ങളും സമ്പന്നമായ എംബ്രോയിഡറികളും അവർ തങ്ങളുടെ ഡിസെനുകളിൽ പരീക്ഷിച്ചു. പിങ്ക് എന്ന സ്റ്റീരിയോടൈപ്പ് നിറങ്ങൾ പതുക്കെ മങ്ങി വരുകയാണ്. ഇത് പുരുഷന്മാരുടെ ഫാഷനോട് കൂടുതൽ വൈവിധ്യമാർന്ന സമീപനത്തിന് ഇടം നൽകുന്നു.
പുരുഷൻമാരുടെ ഫാഷൻ ലോകത്തിൽ വന്ന വലിയ മാറ്റത്തെ കുറിച്ച് പ്രശസ്ത ഡിസൈനർ ജെജെ വലയ പറയുന്നത് ഇങ്ങനെയാണ്…
‘പുരുഷന്മാരുടെ വസ്ത്രങ്ങളിലാണ് യഥാർത്ഥത്തിൽ പരിണാമം സംഭവിച്ചത്, അതിന് കാരണം പ്രധാനമായും സ്ത്രീകൾ അവരുടെ മികച്ചതതായി കാണപ്പെടുവാനാണ് ആഗ്രഹിക്കുന്നത് എന്നാണ്. മുപ്പത് വർഷങ്ങൾക്ക് മുമ്പുള്ള പുരുഷന്മാരെ നോക്കുകയാണെങ്കിൽ, അവർ സ്യൂട്ടുകൾ ധരിച്ചാണ് ജീവിതം നയിച്ചിരുന്നത്. ഇന്ന്, ഒരു സ്യൂട്ടിൽ വിവാഹം കഴിക്കുന്ന ഒരു പുരുഷനെ എനിക്ക് ഓർമ്മിക്കാൻ പോലും കഴിയില്ല. സ്വന്തം വിവാഹത്തിന് വളരെ ആഡംബരപൂർണ്ണമായ വസ്ത്രങ്ങൾ ധരിക്കുന്നതിൽ അവർ കൂടുതൽ കംഫർട്ടബിളായി മാറി. മറ്റ് അവസരങ്ങളിൽ, നാടകീയമായ പ്രിന്റുകളും നിറങ്ങളുമുള്ള വസ്ത്രങ്ങൾ ധരിക്കാൻ അവർക്ക് ഇഷ്ടമാണ്’.
Discussion about this post