തൃശ്ശൂര്‍: കൊലക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ നിസാമുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തിയത് വിവാദമായി. തൃശ്ശൂര്‍ മുന്‍ പോലിസ് കമ്മീഷണറാണ് പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി പത്താം തിയതിയായിരുന്നു കൂടിക്കാഴ്ച നടന്നത്. അന്വേഷണസംഘത്തെ ഒഴിവാക്കിയാണ് ഏതാണ്ട് ഒന്നര മണിക്കൂര്‍ അടച്ചിട്ട മുറിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിസാമുമായി ചര്‍ച്ച നടത്തിയതെന്ന് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ഭാര്യയ്‌ക്കെതിരെ കേസെടുക്കരുതെന്നും തോക്ക് കണ്ടെത്താനുള്ള കേസ് മരവിപ്പിക്കരുതെന്നും നിസാം ഈ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി നിസാമിനെ കണ്ടിട്ടുണ്ടെന്ന് ഐപിഎസ് ഓഫിസറായ ജേക്കബ് ജോബ് പ്രതികരിച്ചു. എന്നാല്‍ നിസാമിനെ സഹായിക്കാന്‍ ശ്രമിച്ചിട്ടില്ല. പലരും തന്നെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചു. തനിക്ക് എതിരെ ആരോപണമുന്നയിക്കുന്നത് മറ്റാരെയോ രക്ഷിക്കാനാണെന്ന് മുന്‍ തൃശ്ശൂര്‍ ജില്ല കമ്മീഷണറായിരുന്ന ജേക്കബ് ജോബ് പറഞ്ഞു.
ഇതിനിടെ നിസാമിനെതിരായ കേസുകള്‍ തീര്‍പ്പാക്കിയതില്‍ വീഴ്ചയില്ലെന്ന് ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ആസഫലി പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും ആസഫലി അറിയിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ട് എന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് ആസഫലി വിശദീകരണം നല്‍കിയത്. കോടതിയ്ക്ക് പുറത്ത് വ്യക്തിപരമായ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ നിയമമുണ്ട്. ഒത്തു തീര്‍പ്പിന് ശേഷമാണ് ഇവ മുന്നിലെത്തിയത്. അതിനാല്‍ കേസുകള്‍ ഒത്തു തീര്‍പ്പാക്കിയതില്‍ വീഴ്ചയുണ്ടെന്ന വാദം ശരിയല്ലെന്നും ടി. ആസഫലി പറഞ്ഞു.
11 ഓളം കേസുകളാണ് നിസാമിനെതിരെ ഉണ്ടായിരുന്നത്. ഇത് പലപ്പോഴായി ഒത്തു തീര്‍പ്പാക്കിയിരുന്നു. സ്വാധീനമുപയോഗിച്ച് കേസുകള്‍ ഒത്തു തീര്‍പ്പാക്കുകയായിരുന്നുവെന്നും അതിനാല്‍ കാപ്പാ നിയമം ചുമത്തനാവില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post