തിരുവനന്തപുരം: തോമസ് സെബാസ്റ്റിയന്റെ സംവിധാന മികവിൽ ഒരുങ്ങിയ അംഅഃ ചിത്രത്തെക്കുറിച്ച് വാചാലനായി ഗായകൻ ജി വേണുഗോപാൽ. മലയാള സിനിമയ്ക്ക് മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സിനിമയുടെ അനുഭവം ഗായകൻ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു വേണുഗോപാൽ സിനിമ കാണാൻ ഇടയായത്. പുലയനാർകോട്ട വൃദ്ധസദനത്തിലെ അച്ഛനമ്മമാർക്കൊപ്പം ആയിരുന്നു അദ്ദേഹം തിയറ്ററിൽ സിനിമയ്ക്കായി പോയത്. അവഗണന, ഉപേക്ഷിക്കൽ, നിരാശ എന്നിവയാണ് കഥയുടെ ഉള്ളടക്കം. ഒരു ഘട്ടത്തിൽ അച്ഛനമ്മമാർക്ക് കഥ വീണ്ടും വിഷമം നൽകുമോയെന്ന് ഭയന്നു. എന്നാൽ അങ്ങനെ ഉണ്ടായില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
സിനിമയും സംഗീതവും എപ്പോഴും നമ്മളെ ഞെട്ടിക്കാനുള്ളതല്ല. ഉള്ളുലയ്ക്കുക എന്നത് കൂടി സിനിമയുടെ ധർമ്മം ആണ്. കവി പ്രസാദിന്റെ കഥയും തിരക്കഥയും ആണ് ഈ സിനിമയുടെ താരമെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇക്കഴിഞ്ഞ ദിവസത്തിൽ, പുലയനാർകോട്ട വൃദ്ധസദനത്തിലെ അച്ഛനമ്മമാരേയും കൊണ്ട് ഞങ്ങൾ ‘സസ്‌നേഹം ജി.വേണുഗോപാൽ ഫൗണ്ടേഷൻ ‘ ഒരു സിനിമയ്ക്ക് പോയി. അം അ:. മുപ്പത്തിയാറ് വൃദ്ധരായ അന്തേവാസികൾക്കും അതിന് മുൻപ് അവർ തീയറ്ററിൽ പോയി സിനിമ കണ്ട ഓർമ്മ തീരെയില്ല. കൃത്യം 8.45 മാ ന് വൃദ്ധസദനത്തിൽ ഞങ്ങൾ ബസ് തയ്യാറാക്കി നിർത്തിയിരുന്നു, അവർക്ക് വേണ്ട സ്‌നാക്‌സ്, വെള്ളം, എന്നിവ ഉൾപ്പെടെ. ഏരീസ് പ്ലസ് തീയറ്ററിൽ 10 മാ ഷോ.
Technopark ൽ ജോലി ചെയ്യുന്ന Arun G S ആയിരുന്നു ഈ ഒരു പരിപാടിയുടെ ഉപജ്ഞാതാവ്. അം അ: എന്ന ചിത്രത്തിന്റെ ഒരു പ്രത്യേകത, അതിന്റെ നിർമ്മാതാക്കൾ, Technopark ൽ തന്നെയുള്ള ഇരുനൂറ് സുഹൃത്തുക്കളാണ് എന്നുള്ളതാണു്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ കൂടുതലും അമച്വർ നടീനടന്മാരെ ഉൾപ്പെടുത്തിയാണ് സിനിമയുടെ നിർമ്മാണം. ദിലീഷ് പോത്തനെയും ജാഫർ ഇടുക്കിയെയും ഒഴിച്ച് നിർത്തിയാൽ അസാദ്ധ്യമായ അഭിനയ പാടവം കാഴ്ച വച്ച പുതുമുഖക്കാരാണ് സിനിമയിൽ ഉടനീളം. അവസാനം വരെ ഉദ്വേഗം നിറഞ്ഞ കഥ പ്രേക്ഷകരുടെ ശ്രദ്ധ സ്‌ക്രീനിൽ തന്നെ കേന്ദ്രീകരിച്ച് നിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരവസരത്തിൽ ഞങ്ങൾ ഒന്ന് ഭയന്നു. മക്കളാലും വേണ്ടപ്പെട്ടവരാലും ഉപേക്ഷിക്കപ്പെട്ട പാവങ്ങൾക്ക് ഈ കഥ മനോവ്യഥ ഉണ്ടാക്കുമോ എന്ന്. അവഗണന, ഉപേക്ഷിക്കൽ, നിരാസം, ഇതാണ് കഥയുടെ ഉള്ളടക്കം .
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഞങ്ങൾ നേരിട്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളോടുള്ള നേരിയ ചിരികളാണ്. തൊട്ടിപ്പുറത്ത് നോക്കിയപ്പോൾ രശ്മിയും കണ്ണുകളൊപ്പുന്നു. ഇക്കാലയളവിൽ ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ കേട്ട ചില കമന്റ്‌സ് ‘ഇതെന്തൊരു വയലൻസ് ആണ്? എനിക്ക് ഇത്തരം ആൽഫ കഥാപാത്രങ്ങളെ കണ്ടു മടുത്തു. ചുമ്മാതല്ല കേരളത്തിൽ ചെറുപ്പക്കാർക്കിടയിൽ ഇത്രയും അക്രമവാസന കൂടുന്നത്. സെൻസർ ബോർഡിന്റെ കണ്ണ് പൊട്ടിപ്പോയോ’? തുടങ്ങിയവയാണ്.
സിനിമയും സംഗീതവും എപ്പോഴും നമ്മളെ ഞെട്ടിക്കാനുള്ളതല്ല. ഉള്ളുലയ്ക്കുക എന്നത് കൂടിയാണ് അതിന്റെ ധർമ്മം. മനുഷ്യത്വം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാൻ ഇടയ്ക്കിടയ്ക്ക് ഇത്തരം സിനിമകളും വരണം. ഈ സിനിമയുടെ താരം, കവി പ്രസാദിന്റെ കഥയും തിരക്കഥയുമാണ്. മനോഹരമായ ക്യാമറ വർക്കും, ഗാനങ്ങളുമാണു് വേറൊരു ആകർഷണം. ഗോപി സുന്ദറിന്റെ സംഗീതത്തിൽ മനസ്സിലുടക്കിക്കിടക്കുന്ന ചില ഗാനങ്ങൾ .ദു:ഖവും, വിരഹവും, വാത്സല്യവും ഉള്ളിലൊളിപ്പിച്ച Zeba Thomas എന്ന പുതിയ ഗായികയുടെ ശബ്ദത്തിൽ, ‘ആരോരും കേറിടാത്തൊരു ചില്ലയിൽ ‘,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ രചനയിൽ അദ്വൈത പത്മകുമാർ പാടിയ ‘കണ്ണെത്താ ദൂരത്തെ ‘ എന്ന നാടൻ പാട്ട്, ‘ഇതളേ പൊന്നിതളേ ‘ എന്ന ലീലാമ്മ ജോസഫിന്റെ ഗാനം.
Discussion about this post