ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഭക്ഷ്യ ഉൽപ്പന്നങ്ങളിലും വലിയ രീതിയിൽ മായം കലർന്നിട്ടുള്ളതായി പറയപ്പെടുന്നു. പച്ചക്കറികൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെ ഇത്തരത്തിൽ മായം കലർത്തി വിൽക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യസുരക്ഷാ വകുപ്പുകൾ വിപണിയിലെ മായം കലർന്ന ഭക്ഷ്യഉത്പന്നങ്ങൾ കണ്ടെത്തുന്ന കാര്യത്തിൽ വലിയ അലംഭാവമാണ് കാണിക്കുന്നത്. എന്നാൽ വിപണിയിലെ മായം കലർന്ന ഉൽപ്പന്നങ്ങളെ തടയുന്നതിനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. ഇതിനായി ഉത്തർപ്രദേശിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ നിരവധി സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ മായം കലർന്ന കുരുമുളക് അടക്കമുള്ള നിരവധി സുഗന്ധവ്യഞ്ജനങ്ങൾ പോലും പിടിച്ചെടുത്തു. കുരുമുളകിൽ മായം കലർത്തുന്നതിനായി പപ്പായയുടെയും വെണ്ടയ്ക്കയുടെയും കുരുക്കൾ ആണ് ഉപയോഗിച്ചിരുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പപ്പായക്കുരുവിലും വെണ്ടയ്ക്ക കുരുവിലും നിറവും ചില രാസവസ്തുക്കളും ചേർത്ത് പ്രത്യക്ഷത്തിൽ കുരുമുളകിന് സമാനമാക്കിയാണ് കുരുമുളക് മായം കലർത്തിയിരുന്നത്. ഈ വ്യാജ കുരുമുളക് യഥാർത്ഥ കുരുമുളകിന്റെ അതേ വിലയിലും വിലകുറച്ചും ഉത്തർപ്രദേശിലെ വിവിധ വിപണികളിൽ വില്പന നടത്തുന്നുണ്ട്. ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഉത്തർപ്രദേശിലേക്ക് കുരുമുളക് കൊണ്ടുവരുന്നത് എന്നാണ് ഉത്തർപ്രദേശ് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ മായം കലർത്തിയ കുരുമുളക് പോലെയുള്ളവ കഴിക്കുന്നതിലൂടെ അലർജി, കരൾ പ്രശ്നങ്ങൾ പോലെയുള്ളവ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. മായം ചേർത്ത കുരുമുളക് കഴിക്കുന്നത് നിരവധി ദോഷങ്ങൾക്ക് കാരണമാകും. ഇതിൽ രാസവസ്തുക്കൾ ചേർക്കുന്നത് ദഹനപ്രശ്നങ്ങൾക്കും കാരണമാകും. മായം ചേർത്ത കുരുമുളക് മറ്റ് വസ്തുക്കളോട് അലർജിയോ സംവേദനക്ഷമതയോ ഉണ്ടാക്കിയേക്കാം, ഇത് ചർമ്മത്തിൽ ചൊറിച്ചിൽ അല്ലെങ്കിൽ മറ്റ് പ്രതികൂല ഫലങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഇത് കരൾ പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
കുരുമുളക് കൂടാതെ തേയിലയിലും വലിയ രീതിയിൽ മായം കലർത്തി വില്പന നടത്തുന്നതായി യുപി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മഞ്ഞൾപൊടിയിൽ അമിതമായ അളവിൽ ലെഡ് ക്രോമേറ്റ് കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിക്കുന്നു. മഞ്ഞൾ പൊടിക്ക് നല്ല നിറവും തിളക്കവും ലഭിക്കുന്നതിന് വേണ്ടിയാണ് ഈ രാസവസ്തു ചേർക്കുന്നത്. ഇത് ശരീരത്തിന് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Discussion about this post