യുക്രൈൻ പ്രസിഡണ്ട് വോളോഡോമിർ സെലൻസിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ടെസ്ല സിഇഒയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. യുദ്ധകാലത്ത് യുക്രൈനിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന സമയത്ത് പോലും കുടുംബത്തോടൊപ്പം വോഗ് മാസികയുടെ ഫോട്ടോഷൂട്ട് നടത്തിയ വ്യക്തിയാണ് സെലൻസ്കി എന്ന് മസ്ക് കുറ്റപ്പെടുത്തി. യുക്രൈനിലെ ജനങ്ങൾ സെലൻസ്കിയെ പുച്ഛത്തോടെയാണ് കാണുന്നത്. ധൈര്യമുണ്ടെങ്കിൽ സെലൻസ്കി ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത് എന്നും മസ്ക് അഭിപ്രായപ്പെട്ടു.
2022 ൽ ഭാര്യ ഒലീന സെലെൻസ്‌കയുമൊത്തുള്ള യുക്രൈൻ പ്രസിഡന്റിന്റെ വോഗ് ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ട് എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്റെ വിമർശനം. യുദ്ധഭൂമിയിൽ സ്വന്തം രാജ്യത്തെ നിരവധി കുഞ്ഞുങ്ങൾ മരിച്ചു വീഴുമ്പോൾ ആയിരുന്നു സെലൻസ്കിയുടെ ഈ ഫോട്ടോഷൂട്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ധീരതയുടെ ഛായാചിത്രം’ എന്ന് വോഗ് മാസിക വിശേഷിപ്പിച്ച ഈ ചിത്രങ്ങൾ റഷ്യ-യുക്രൈൻ യുദ്ധം ശക്തമായിരുന്ന അവസരത്തിൽ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. യുക്രൈനിൽ വലിയ വിമർശനമായിരുന്നു പ്രസിഡന്റിന്റെ ഈ ചെയ്തിക്കെതിരെ ഉയർന്നിരുന്നത്.
സെലെൻസ്‌കി ഒരു അമേരിക്കൻ പത്രപ്രവർത്തകനെ കൊന്നതായും കഴിഞ്ഞദിവസം ഇലോൺ മസ്ക് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം യുക്രെയ്‌നിൽ വെച്ച് ചിലിയൻ-അമേരിക്കൻ പത്രപ്രവർത്തകൻ ഗൊൺസാലോ ലിറ കൊല്ലപ്പെട്ടതായാണ് മസ്ക് അറിയിച്ചത്. യുക്രേനിയൻ സൈനികരുടെ മൃതദേഹങ്ങൾ തിന്നുതീർക്കുന്ന ഒരു വലിയ അഴിമതി യന്ത്രം ആണ് സെലെൻസ്‌കി പ്രവർത്തിപ്പിക്കുന്നത് എന്നും ഇലോൺ മസ്ക് രൂക്ഷമായി വിമർശിച്ചു.
Discussion about this post