കേന്ദ്രം മുടക്കുന്നത് 3 ലക്ഷം കോടി; നിലവാരം ഉയർത്താൻ കേരളത്തിന്റെ പാതകൾ; വമ്പൻ പ്രഖ്യാപനത്തിന് പിന്നാലെ വരുന്ന മാറ്റങ്ങൾ

Published by
Brave India Desk

വികസനത്തിന് വേണ്ടി എന്തെല്ലാം നൽകിയാലും ‘ ഇവിടെയൊന്നും കിട്ടിയില്ലെന്ന’ എന്നത് കേരളത്തിന്റെ പതിവ് പല്ലവിയാണ്. ഇക്കഴിഞ്ഞ ബജറ്റ് കാലത്ത് കൂടി ഈ പല്ലവി നാം കേട്ടു. എല്ലാ കാര്യങ്ങളിലും കേരളത്തെ കേന്ദ്രസർക്കാർ മനപ്പൂർവ്വം തഴയുകയാണെന്നാണ് സംസ്ഥാന സർക്കാർ ഉയർത്തുന്ന ആരോപണം. എന്നാൽ വമ്പൻ പ്രഖ്യാപനത്തിലൂടെ ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

റോഡ് വികസനത്തിനായി കേരളത്തിന് വമ്പൻ തുകയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമവേദിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടേത് ആയിരുന്നു ഈ പ്രഖ്യാപനം. കേന്ദ്രം നൽകുന്ന തുക ഫലപ്രദമായി വിനിയോഗിച്ചാൽ ഗതാഗത രംഗത്തെ സമൂലമായ മാറ്റത്തിന് ആകും കേരളം സാക്ഷിയാകുക.

റോഡ് വികസനത്തിനായി 50,000 കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ രണ്ടര ലക്ഷം കോടിയുടെ മറ്റ് പദ്ധതികൾ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കും. അങ്ങിനെ മൊത്തം മൂന്ന് ലക്ഷം കോടി രൂപയുടെ വികസനം ആണ് കേരളത്തിൽ ഉണ്ടാകുക.

896 കിലോമീറ്റർവരുന്ന 31 പുതിയ പദ്ധതികളാണ് കേന്ദ്രം സംസ്ഥാനത്ത് നടപ്പിലാക്കാൻ ആലോചിക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്രം ആരംഭിക്കും. മലബാറുകാരുടെ നിരന്തര ആവശ്യമായ കോഴിക്കോട്- പാലക്കാട് ദേശീയ പാത നാലുവരിയാക്കുന്നതിനുൾപ്പെടെയുള്ള നിർമ്മാണങ്ങളാണ് ആരംഭിക്കുക.

120 കിലോ മീററ്റർ വരുന്ന ദേശീയപാത 966 ആണ് നാലുവരിയാക്കുക. മൂന്ന് മാസത്തിനുള്ളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. തമിഴ്‌നാടുമായി കേരളത്തെ ബന്ധിപ്പിക്കുകയാണ് ഇതുകൊണ്ടുള്ള പ്രധാന ലക്ഷ്യം. ഇതിനായി 10,814 കോടി രൂപയാണ് കേന്ദ്രം മുടക്കുക. ഇതിന് പുറമേ തമിഴ്‌നാട്ടിലെ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന 38.6 കിലോ മീറ്റർ വരുന്ന പാതയുടെ നിർമ്മാണവും നടത്തും. ഇതിനായി 300 കോടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

ദീർഘകാല ആവശ്യമായ അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിന്റെ വിപുലീകരണത്തിനും കേന്ദ്രസർക്കാർ പ്രധാന്യം നൽകിയിട്ടുണ്ട്. ബൈപ്പാസ് ആറ് വരിയാക്കുന്നതിനായി 6500 കോടി രൂപയാണ് സർക്കാർ കേരളത്തിന് നൽകുന്നത്. ആറ് മാസത്തിനുള്ളിൽ പാതയുടെ നിർമ്മാണം ആരംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. തലസ്ഥാന നഗരത്തിനും ഉണ്ട് സന്തോഷിക്കാനുള്ള വക. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിനായി 5000 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള പ്രധാനപാതയായ ഈ റോഡിന്റെ 62.7 കിലോമീറ്റർ ദൂരമാണ് വികസിപ്പിക്കുക.

പ്രകൃതി രമണീയമായ സ്ഥലങ്ങൾക്കൊണ്ട് സമ്പന്നമായ കേരളത്തിന്റെ ഹൃദയം ടൂറിസം ആണെന്നാണ് നിതിൻ ഗഡ്കരിയുടെ നിരീക്ഷണം. അതുകൊണ്ട് തന്നെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുകയാണ് പുതിയ പദ്ധതികൾ. യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ ആളുകളെ കേരളത്തിലേക്ക് ആകർഷിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ വികസനവുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തം.

Share
Leave a Comment

Recent News