ശിവരാത്രി ആഘോഷപരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന അമ്മയ്ക്കും മകനും നേര്‍ക്ക് സദാചാരഗുണ്ടകളുടെ ്ആക്രമണം. ആറുപേര്‍ ചേര്‍ന്ന് ബൈക്കിലെത്തി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. അമ്മയും മകനുമാണെന്ന് ആവര്‍ത്തിച്ച് കരഞ്ഞുപറഞ്ഞിട്ടും അസഭ്യവും കൈയേറ്റവും തുടര്‍ന്നു. സംഘം സ്ത്രീയുടെ കൈക്കുകയറിപ്പിടിക്കുകയും ചെയ്തു.
സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.
പന്തീരാങ്കാവിനടുത്ത് മാത്തറ ഇരിങ്ങല്ലൂര്‍ സ്വദേശികളായ ഷാമില്‍ അനീസ് (21), മുഹമ്മദ് സിനാജ് (23), സുബീഷ് (29), ജാഫര്‍ അസ്സന് (26), ആസിഫ് (24) എന്നിവരെയാണ് ചേവായൂര്‍ എസ്.ഐ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) ഷബീര്‍ ഇബ്രാഹിം മുമ്പാകെ ഹാജരാക്കി.
ഞായറാഴ്ച രാത്രിയില്‍ ശ്രീകണ്ഠേശ്വരക്ഷേത്രാങ്കണത്തില്നിന്ന് മടങ്ങിയ അമ്മയ്ക്കും മകനുംനേരേയാണ് അക്രമമുണ്ടായത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ-ചെലവൂരിലുള്ള വീട്ടിലേക്കു വരുന്നതിനിടെ പൊറ്റമ്മലിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഹോട്ടലില്‍നിന്നിറങ്ങുമ്പോള്‍ പിന്നാലെ മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ പിന്തുടര്ന്നു. ചേവായൂര്‍ കുഷ്ഠരോഗാശുപത്രി പരിസരത്തുവെച്ചാണ് ബൈക്ക് തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ആയിരുന്നു.
ഒടുവില്‍ സംഗതി കുഴപ്പമാകുമെന്ന് തോന്നിയ യുവാക്കള്‍ സ്ഥലം വിട്ടു. എന്നാല്‍ സദാചാരഗുണ്ടകള്‍ എത്തിയ ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ സ്ത്രീ ഓര്‍മിച്ചതാണ് കേസില്‍ സഹായകമായത്.
Discussion about this post