ന്യൂഡൽഹി : ആംആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് മുൻ ആം ആദ്മി സർക്കാർ പൊതു ഖജനാവ്’ശൂന്യമാക്കി ഉപേക്ഷിച്ചുവെന്ന് അവർ പറഞ്ഞു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ശമ്പള പദ്ധതി വിശദമായ ആസൂത്രണത്തോടെ നടപ്പിലാക്കുമെന്ന് രേഖ ഗുപ്ത ഉറപ്പുനൽക്കുകയും ചെയ്തു. എട്ടാമത് ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം നൽകേണ്ട മഹിളാ സമൃദ്ധി യോജന നടപ്പാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട് എന്ന് രേഖ ഗുപ്ത പറഞ്ഞു. നിലവിലെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ഇതിനു പിന്നിലുള്ള കാരണം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥരോടൊപ്പം ചർച്ച നടത്തിയിരുന്നു. അതിലൂടെ മനസ്സിലായത് മുൻ സർക്കാർ ഖജനാവ് കാലിയാക്കി എന്നാണ്. എന്നിരുന്നാലും, വിശദമായ ആസൂത്രണത്തോടെ പദ്ധതി തീർച്ചയായും നടപ്പിലാക്കുമെന്ന് ഗുപ്ത ഉറപ്പുനൽകി.
വികസിത ഡൽഹി ഉറപ്പാക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ബിജെപി സർക്കാരിന്റെ അജണ്ടയെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു . ഡൽഹി ഇപ്പോൾ പുതിയ സർക്കാരിന്റെ കൈയിൽ സുരക്ഷിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment