‘ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്കുള്ള ഏറ്റവും മികച്ച വിതരണ ശൃംഖലയായി ഇന്ത്യ മാറുന്നു’ ; ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

Published by
Brave India Desk

ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. മധ്യപ്രദേശിനെ ഉടൻ തന്നെ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്കുള്ള ഏറ്റവും മികച്ച വിതരണ ശൃംഖലയായി ഇന്ത്യ ഉയർന്നുവരികയാണ്. ഇന്ത്യയെക്കുറിച്ച് ലോകം മുഴുവൻ ഇത്രയധികം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന മറ്റൊരു അവസരം ഉണ്ടായിട്ടില്ല എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനത്തിന്റെ അപാരമായ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയാണ് ആഗോള നിക്ഷേപക ഉച്ചകോടി എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസര സൃഷ്ടിയ്ക്കും വഴിയൊരുക്കും. കൃഷിയുടെയും ധാതുക്കളുടെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നായി മാറാനുള്ള കഴിവ് മധ്യപ്രദേശിനുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വൈദ്യുതിയുടെയും വെള്ളത്തിന്റെയും കാര്യത്തിൽ മധ്യപ്രദേശ് വലിയ വെല്ലുവിളികൾ നേരിട്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ക്രമസമാധാന നില ദുഷ്കരമായിരുന്നു അതും വ്യാവസായിക വളർച്ചയെ തടസ്സപ്പെടുത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിജെപി സർക്കാർ മധ്യപ്രദേശിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്. ഒരുകാലത്ത് മോശം റോഡുകൾ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന സംസ്ഥാനം ഇപ്പോൾ ഇന്ത്യയുടെ വൈദ്യുത വാഹന വിപ്ലവത്തിലെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ്. 2025 ജനുവരിയോടെ ഏകദേശം 2 ലക്ഷം വൈദ്യുത വാഹനങ്ങൾ മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. പുതിയ ഉൽ‌പാദന മേഖലകൾക്ക് മധ്യപ്രദേശ് ഒരു മികച്ച ലക്ഷ്യമായി മാറുകയാണ് എന്നും മോദി വ്യക്തമാക്കി.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎന്നിന്റെ ഒരു സംഘടന ഇന്ത്യയെ സൗരോർജ്ജത്തിന്റെ സൂപ്പർ പവർ എന്ന് വിളിച്ചു. പല രാജ്യങ്ങളും സംസാരിക്കുക മാത്രമാണെങ്കിലും ഇന്ത്യ ഫലങ്ങൾ കാണിക്കുന്നുവെന്നാണ് യുഎൻ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഊർജ്ജ മേഖലയിലും അഭൂതപൂർവമായ വളർച്ചയുണ്ടായി. പുനരുപയോഗ ഊർജ്ജ മേഖലയിൽ ഇന്ത്യ 70 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിലൂടെ കഴിഞ്ഞ വർഷം മാത്രം ഊർജ്ജ മേഖലയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുടെ വികസിത ഭാവിയിൽ ടെക്സ്റ്റൈൽ, ടൂറിസം, സാങ്കേതിക മേഖലകൾ ഒരു പ്രധാന പങ്ക് വഹിക്കുകയും കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭോപ്പാലിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തു. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ഗോദ്‌റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ നാദിർ ഗോദ്‌റെജ്, രസ്‌ന പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പ് ചെയർമാൻ പിറൂസ് ഖംബട്ട, ഭാരത് ഫോർജ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ബാബ എൻ കല്യാണി, സൺ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഗ്ലോബൽ ഹെഡ് ഓഫ് ഓപ്പറേഷൻസ് രാഹുൽ അവസ്തി, എസിസി ലിമിറ്റഡ് സിഇഒ നീരജ് അഖൗരി എന്നിവരും നിക്ഷേപ ഉച്ചകോടിയിൽ പങ്കാളികളായി.

Share
Leave a Comment

Recent News