ന്യൂഡൽഹി: മഹാ ശിവരാത്രി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഭഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തട്ടെ. ഹർ ഹർ മഹാദേവ്! എന്ന് മേ മോദി എക്സിൽ കുറിച്ചു. ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവും മഹാശിവരാത്രി ആശംസകൾ നേർന്നു. മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെയെന്നും നമ്മുടെ രാജ്യം പുരോഗതിയുടെ പുതിയ പാതകൾ താണ്ടട്ടെയെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാ ശിവരാത്രി ആശംസകൾ നേർന്നു. “മഹാശിവരാത്രിയുടെ പുണ്യോത്സവത്തിൽ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ശിവന്റെയും ശക്തിയുടെയും സംഗമത്തിന്റെ ഈ ഉത്സവം ആത്മീയതയുടെയും ആത്മപരിശോധനയുടെയും വിശ്വാസത്തിന്റെയും മഹത്തായ ഉത്സവമാണ്. എല്ലാവരുടെയും ക്ഷേമത്തിനായി ഞാൻ ദേവാധിദേവ് മഹാദേവനോട് പ്രാർത്ഥിക്കുന്നു, എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അതേ സമയം മഹാ കുംഭമേളയുടെ അവസാന ദിവസമായ ഇന്ന് മഹാ കുംഭമേളയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശിവരാത്രി ദിനമായ ഇന്ന് മഹാ കുംഭമേള സമാപിക്കാനിരിക്കെ, പുണ്യസ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് ഭക്തർ ആണ് ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ഒത്തുകൂടിയത്. ഇന്ന് ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്നാാണ് പ്രതീക്ഷിക്കുന്നത്.
Leave a Comment