കടുപ്പിച്ച് കേന്ദ്രം; ഏപ്രില്‍ ഒന്ന് മുതല്‍ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ കര്‍ശനം, എതിര്‍പ്പുമായി കൊക്കോകോളയുള്‍പ്പെടെയുള്ളവര്‍

Published by
Brave India Desk

 

ഈ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്പനികള്‍. കൊക്കക്കോള, പെപ്‌സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിര്‍മ്മാതാക്കളാണ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമ്പനികള്‍ക്കുള്ളത്.

അതേസമയം, പെറ്റ് ബോട്ടിലുകള്‍ക്ക് പകരം 30% റീസൈക്കിള്‍ഡ് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇന്ത്യയുടെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെ ചുവടുപിടിച്ച് രണ്ടുവര്‍ഷം മുമ്പാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പലതവണ സമയപരിധി നീട്ടിയിട്ടും കമ്പനികള്‍ ഇത് പാലിക്കാന്‍ തയ്യാറായിരുന്നില്ല.

പെറ്റ് ബോട്ടിലുകള്‍ അഥവാ പൊളിയെഥിലീന്‍ ടെറഫ്താലെറ്റിന് പകരം റീസൈക്കിള്‍ഡ് പൊളിയെഥിലീന്‍ ടെറഫ്താലെറ്റ് ബോട്ടിലുകളുടെ ഉപയോഗം 30% ആക്കി കൂട്ടണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ്.
പാനീയങ്ങളുടെ കുപ്പികള്‍, ഭക്ഷണപാത്രങ്ങള്‍ എന്നിവയില്‍ സാധാരണയായി കാണപ്പെടുന്ന ഭാരം കുറഞ്ഞതും എന്നാല്‍ കട്ടിയുള്ളതുമായ പ്ലാസ്റ്റിക് ആണ് പെറ്റ്. പക്ഷേ ഇത് പ്രാഥമികമായി പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പരിസ്ഥിതിക ആഘാതം തീവ്രമാണ്.

റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടിലുകളുടെ ലഭ്യത വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ 30% പരിധി വളരെ കര്‍ക്കശമാണെന്നുമാണ് കൊക്കക്കോള, പെപ്‌സി പോലെയുള്ള പാനീയ കമ്പനികളുടെ പരാതി. തുടര്‍ച്ചയായി നിക്ഷേപം നടത്തിയാലും റീസൈക്ലിങ് ശേഷി വികസിപ്പിക്കുന്നതിന് രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ എടുക്കും എന്നാണ് കമ്പനികള്‍ പറയുന്നത്. കൂടാതെ ഇത് ബോട്ടിലിംഗ് ചെലവ് ഏകദേശം 30% വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും എന്നും ഈ വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു.

 

Share
Leave a Comment