വിദേശകാര്യ മന്ത്രാലയം ഇടപെട്ടു ; നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസ നൽകും

Published by
Brave India Desk

ന്യൂഡൽഹി : യുഎസിൽ വച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിൻഡെയെ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചേക്കും. നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസ നൽകാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഎസ് വിദ്യാർഥിനിയുടെ കുടുംബത്തിന് വിസ നൽകാൻ തയ്യാറായിരിക്കുന്നത്.

തുടർനടപടികളുടെ ഭാഗമായി നാളെ നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസയ്ക്കുള്ള അഭിമുഖത്തിന് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫെബ്രുവരി 14 ന് ആണ് ഇന്ത്യൻ വിദ്യാർത്ഥിനിയായ നീലം യുഎസിൽ വച്ച് വാഹനമിടിച്ച് അപകടത്തിൽപ്പെടുന്നത്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലത്തിന്റെ നെഞ്ചിനും തലയ്ക്കും പരിക്കേൽക്കുകയും കോമയിൽ ആവുകയും ചെയ്തു. തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയിട്ടുണ്ട്.

ഈ സാഹചര്യം കണക്കിലെടുത്താണ് നീലത്തിന്റെ കുടുംബത്തിന് അടിയന്തര വിസ നൽകുന്ന കാര്യം യുഎസ് പരിഗണിക്കുന്നത്. നീലത്തിന്റെ പിതാവ് തനാജി ഷിൻഡെ ആണ് യുഎസ് സർക്കാരിന്റെ അടിയന്തര വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഈ വിഷയം യുഎസ് ഭരണകൂടവുമായി ചർച്ച ചെയ്തിട്ടുണ്ട്. നാളത്തെ അഭിമുഖത്തിന് ശേഷം ആയിരിക്കും അദ്ദേഹത്തിന് വിസ അനുവദിക്കുക.

Share
Leave a Comment